മകളുടെ കാര്‍ അപകടത്തില്‍ പെട്ടത് അമ്മ അറിഞ്ഞത് സംഭവ സ്ഥലത്ത് നിന്ന് പൊലീസുകാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത സെല്‍ഫിയിലൂടെ. സലിഷ്ബറി പോലീസിലെ രണ്ട് ഉദ്യോഗസ്ഥരാണ് അപകടത്തില്‍ പെട്ട കാര്‍ പശ്ചാത്തലമാക്കി സെല്‍ഫി എടുത്ത് പോസ്റ്റ് ചെയ്തത്. മിനിറ്റുകള്‍ കൊണ്ട് വൈറലായ പോസ്റ്റ് അപകടത്തില്‍ പെട്ട കാറിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ അമ്മയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
'ചില ഫോട്ടോകള്‍ക്ക് വാക്കുകള്‍ ആവശ്യമില്ല. സുരക്ഷിതമായി ഡ്രൈവ് ചെയ്യാന്‍ എപ്പോഴും ആവശ്യപ്പെടാറുള്ളതാണ്. ഭാഗ്യത്തിന് അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.' – സെല്‍ഫിക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥന്‍ ഫേസ്ബുക്കില്‍ കുറച്ചു.
പക്ഷേ അപകടത്തില്‍ പെട്ട ജോര്‍ജിയ ഓക് പോസ്റ്റിന് പ്രതികരിച്ചത് ഇങ്ങനെയാണ്: 'ഇത് എന്റെ കാറാണ്. എനിക്ക് പരിക്കൊന്നും ഇല്ലെന്നത് ശരി തന്നെ. പക്ഷേ, എന്റെ അമ്മ അപകട വിവരം അറിഞ്ഞത് ഇങ്ങനെയാണ്'.
'നിങ്ങളുടെ അമ്മയ്ക്ക് അപകടവിവരം ഈ രീതിയില്‍ അറിയേണ്ടി വന്നതില്‍ ഖേദിക്കുന്നു. പക്ഷേ നിങ്ങളെയോ വാഹനത്തെയോ തിരിച്ചറിയാനാവുന്ന ഒന്നും ചിത്രത്തിലുണ്ടായിരുന്നില്ല. മാത്രമല്ല ആര്‍ക്കും അപകടമില്ലെന്ന് പ്രത്യേകം പറഞ്ഞിരുന്നു. കാര്‍ മറ്റൊന്ന് വാങ്ങാം, ജീവന്‍ വാങ്ങാനാവില്ല' ജോര്‍ജിയയുടെ പോസ്റ്റിന് മറുപടിയായി പൊലീസ് പറഞ്ഞു.
അടിയന്തിര ഘട്ടം തരണം ചെയ്തു കഴിഞ്ഞ ശേഷമാണ് സെല്‍ഫി എടുത്തതെന്നും. റോഡ് സുരക്ഷയെക്കുറിച്ച് ആളുകളെ ബോധവത്കരിക്കാനാണ് സെല്‍ഫി പ്രചരിപ്പിച്ചതെന്നും പൊലീസ് അറിയിച്ചു.