കെനിയയിലെ കെനിയാറ്റ നാഷണല്‍ ആശുപത്രിയില്‍ ആളുമാറി തലയ്ക്ക് ശസ്ത്രക്രിയ ചെയ്തതായി റിപ്പോര്‍ട്ട്. കവിഞ്ഞ മാസം നടന്ന ശസ്ത്രക്രിയയുടെ വിവരമാണ് പുറത്തുവന്നത്. ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗികളുടെ കൈയ്യിലെ ടാഗ് മാറിപോയതാണ് പ്രശ്‌നമായത്.
രോഗികളില്‍ ഒരാള്‍ക്ക് തലയ്ക്കകത്ത് കട്ടപിടിച്ച രക്തം മാറ്റുന്നതിനും മറ്റൊരാള്‍ക്ക് തലയിലെ മുഴ നീക്കം ചെയ്യുന്നതിനുമാണ് ശസ്ത്രക്രിയ. എന്നാല്‍ മണിക്കൂറുകളോളം ശസ്ത്രക്രിയ നടത്തിയിട്ടും പ്രതീക്ഷിച്ച രീതിയില്‍ രക്തം കട്ടപിടിച്ചത് കണ്ടെത്താന്‍ സാധിക്കാതിരുന്നതോടെയാണ് രോഗി മാറിയ വിവരം ഡോക്ടര്‍ അറിയുന്നത്. അതേസമയം ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിയുമായി ഡോക്ടര്‍ സംസാരിച്ചിരുന്നില്ലെന്നും വിവരമുണ്ട്.
അതേസമയം ആളുമാറി ശസ്ത്രക്രിയ നടന്നുവെന്ന വിവരം പുറത്തുവന്നതോടെ ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമായി. ആശുപത്രി മാനേജ്‌മെന്റ് രാജി വയ്ക്കണമെന്നുള്ള ആവശ്യം ശക്തമാണ്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് നാലു മെഡിക്കല്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി കെനിയാറ്റ ആശുപത്രി സിഇഒ അറിയിച്ചു. ന്യൂറോ സര്‍ജന്‍, വാര്‍ഡ് നഴ്‌സ്, തിയറ്റര്‍ നഴ്‌സ്, അനസ്‌തേഷ്യസ്റ്റ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
രോഗിയെ ചികിത്സിച്ച ഡോക്ടറല്ല, ഓപ്പറേഷന്‍ ടേബിളിലേക്ക് ഒരുക്കിയെത്തിച്ച നഴ്‌സാണ് ആളുമാറിപോയതിന് ഉത്തരവാദിയെന്ന് സഹ ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. അതേ സമയം ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിയുടെ സ്ഥിതി തൃപ്തികരമാണെന്നാണ് വിവരം.