CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 52 Minutes 12 Seconds Ago
Breaking Now

മനം പോലെ മംഗല്യം; ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന മലയാളി സമൂഹത്തിലെ യുവതലമുറ വീണ്ടും ഒന്നാകുന്നു; ബ്രിസ്‌റ്റോളില്‍ ഒരു പുതിയ മലയാളി വിവാഹത്തിന് കൂടി തീയതി കുറിച്ചു

ബ്രിസ്റ്റോളിലേയും ലിവര്‍പൂളിലേയും യുവജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ബെര്‍ട്ടിയും ജസ്റ്റിനും ഒന്നിക്കുമ്പോള്‍ അത് ഒരു ആഘോഷമായി ഏറ്റെടുത്ത് സമൂഹവും..

കേരളത്തില്‍ നിന്നും ബ്രിട്ടനിലേക്ക് ചേക്കേറിയ മലയാളി സമൂഹം മനസ്സില്‍ ഇപ്പോഴും നാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വം കാത്തുസൂക്ഷിക്കുന്നവരാണ്. പുതിയ ജീവിതം കുറിയ്ക്കാനായി ബ്രിട്ടീഷ് മണ്ണില്‍ എത്തി സ്വപ്‌നങ്ങള്‍ കെട്ടിപ്പടുക്കുമ്പോള്‍ ഇവിടെ വ്യത്യസ്തമായ സാമൂഹിക അന്തരീക്ഷത്തില്‍ ജനിച്ചുവളരുന്ന മക്കളുടെ ഭാവി മലയാളികളായ മാതാപിതാക്കള്‍ക്ക് ആശങ്ക നല്‍കുന്ന കാര്യം തന്നെയാണ്. എന്നാല്‍ നാടിന്റെ പാരമ്പര്യവും ചിന്തകളും മുറുകെപിടിച്ച് മലയാളി കുടുംബങ്ങള്‍ ഒന്നാകുന്ന കാഴ്ച ഇപ്പോള്‍ ബ്രിട്ടനില്‍ മാറ്റത്തിന്റെ കാറ്റാവുകയാണ്. 

ബ്രിസ്‌റ്റോളില്‍ നിന്നുമാണ് ഇത്തരം ഒരു സന്തോഷവാര്‍ത്ത പുറത്തുവരുന്നത്. ഡീക്കന്‍ ജോസഫ് ഫിലിപ്പിന്റെയും, ലില്ലി ജോസഫിന്റെയും മകള്‍ ബെര്‍ട്ടിയും, ലിവർപൂളിലെ തോമസ് മാത്യുവിന്റെയും ജോര്‍ജ്ജീന തോമസിന്റെയും മകന്‍ ജസ്റ്റിനുമാണ് തങ്ങളുടെ ബാക്കിയുള്ള ജീവിതം ഒരുമിച്ചാകാമെന്ന് തീരുമാനിച്ചത്. ബ്രിസ്‌റ്റോള്‍ ഫിഷ്‌പോണ്ട്‌സിലെ സെന്റ് ജോസഫ്‌സ് കാത്തലിക് ചര്‍ച്ചില്‍ വെച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍. തുടര്‍ന്നുള്ള റിസപ്ഷന്‍ ചടങ്ങുകള്‍ ബ്രിസ്റ്റോള്‍ സൗത്ത് മീഡിലെ ഗ്രീന്‍വേ സെന്ററില്‍ നടന്നു. 

യുകെ യിലെ സീറോ മലബാർ വിശ്വാസികൾക്ക് വേണ്ടി 10 വർഷം മുൻപ്‌ ബ്രിസ്‌റ്റോള്‍ ബിഷപ്പ് ഡീക്കന്‍ പട്ടം കൊടുത്ത വ്യക്തിയാണ് ബെര്‍ട്ടിയുടെ പിതാവ് ഡീക്കൻ ജോസഫ് ഫിലിപ്പ്. യുകെയിലെ ആദ്യത്തെ മലയാളി ഡീക്കന്‍ കൂടിയായ ഇദ്ദേഹം ഇംഗ്ലീഷ് സമൂഹത്തോട് ഒപ്പം ചേര്‍ന്ന് യുകെയിലെ കാത്തലിക് സമൂഹത്തിന്റെ കൂട്ടായ്മയ്ക്ക് ചുക്കാന്‍ പിടിച്ച വ്യക്തിയാണ്. ബേബിച്ചന്‍ എന്നറിയപ്പെടുന്ന ഇദ്ദേഹം നല്‍കിയ പ്രവര്‍ത്തനങ്ങള്‍ബ്രിട്ടനിലെ സീറോ മലബാർ കാത്തലിക് സമൂഹത്തിന് ഏറെ പ്രയോജനം ചെയ്തു. അതുകൊണ്ട് തന്നെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നിരവധി സുഹൃത്തുക്കള്‍ ചടങ്ങുകള്‍ക്കായി ബ്രിസ്‌റ്റോളിലെത്തി. 

 

 

ലിവര്‍പൂള്‍ സ്വദേശിയായ ജസ്റ്റിനും, ബെര്‍ട്ടിയും ബര്‍മ്മിംഗ്ഹാം സെഹിയോനില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരാണ്. ബ്രിട്ടനില്‍ ജനിച്ച് വളര്‍ന്നതോടൊപ്പം വിശ്വാസപരമായ പ്രവര്‍ത്തനങ്ങളിലും സമാനമനസ്‌കരായ കുട്ടികള്‍ ഒരുമിക്കുന്നത് ബ്രിട്ടീഷ് മലയാളികള്‍ക്ക് ഏറെ ആഹ്ലാദം പകരുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ മലയാളി സമൂഹത്തിന്റെ ഉത്സവമായിരുന്നു വിവാഹ നിശ്ചയം. സെന്റ് ജോസഫ് ചര്‍ച്ചില്‍ മൂന്നു മണിയോടെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ചര്‍ച്ച് വികാരി ഫാ. പോള്‍ വെട്ടിക്കാട്ട്, ഫാ. ജോയ് വയലില്‍, ഫാ. സോജി ഓലിക്കല്‍, ലിവര്‍പൂള്‍ ഇടവക വികാരി ജിനോ അരിക്കാട്ട്, ഫാ. ഫാന്‍സ്വാ പത്തില്‍, ഫാ. ജോയ് ആലുങ്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കുര്‍ബാന മധ്യേ സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. കുടുംബാംഗങ്ങളും, സുഹൃത്തുക്കളും ഒത്തുചേര്‍ന്നതോടെ പള്ളി നിറഞ്ഞുകവിഞ്ഞു. ഇവരുടെ ഹര്‍ഷാരവത്തിന്റെ അകമ്പടിയോടെയാണ് ബെര്‍ട്ടിയും, ജസ്റ്റിനും വിവാഹ മോതിരം പരസ്പരം അണിയിച്ചത്. വൈകുന്നേരം ആറു മണിയോടെ ഗ്രീന്‍വേ സെന്ററില്‍ വെച്ച് നടന്ന അതിമനോഹരമായ റിസപ്ഷന്‍ നടന്നു. കണ്ണഞ്ചിപ്പിക്കുന്ന കലാപരിപാടികള്‍ കൂടി ചേര്‍ന്നതോടെ ആഘോഷത്തിന് ആവേശമായി. മാതാപിതാക്കളുടെയും, വൈദികരുടെയും  സാന്നിധ്യത്തില്‍ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. ആഗസ്റ്റ് 12ന് കോട്ടയം മോനിപള്ളി സെന്റ് തോമസ് പള്ളിയിലാണ് വിവാഹച്ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

 

 

 

യു.കെയിലെ പ്രമുഖ ഫോട്ടോഗ്രാഫി സ്ഥാപനമായ ബെറ്റര്‍ ഫ്രെയിംസ് യുകെയാണ് ആഘോഷങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത്. കേരളാ കിച്ചന്റെ ഭക്ഷണമാണ് അതിഥികള്‍ക്കായി ഒരുക്കിയത്. രണ്ടു വര്‍ഷത്തിനിടെ ബ്രിട്ടീഷ് മലയാളികളിലെ പുതുതലമുറകളില്‍ നിന്ന് അഞ്ചാമത്തെ വിവാഹമാണ് ഇത്. വിശ്വാസത്തില്‍ അടിയുറച്ചുജീവിക്കുന്ന കുടുംബങ്ങള്‍ ഒത്തുചേരുന്ന ഈ സവിശേഷ നിമിഷങ്ങള്‍ മലയാളി സമൂഹത്തിന് ഏറെ സന്തോഷം പ്രദാനം ചെയ്യുന്നു. ബർട്ടിക്കും ജസ്റ്റിനും യൂറോപ്പ് മലയാളിയുടെ ആശംസകൾ.  




കൂടുതല്‍വാര്‍ത്തകള്‍.