ബ്രിട്ടനിലെ ഹൗസിംഗ് വിപണിയില്‍ സമ്മര്‍ കാലത്ത് അനുഭവപ്പെടാറുള്ള ശാന്തത ഇക്കുറിയില്ല. വലിയ ഹോം ലോണുകളുടെ ലഭ്യത വര്‍ദ്ധിച്ചതാണ് വീട് വാങ്ങാനുള്ള കാരണമായി മാറിയതെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് സൂപ്ല പറയുന്നു.
വിപണി ഉഷാറാകുന്ന ലക്ഷണങ്ങള്‍ കാണുമ്പോഴും 2025-ലെ ഭവനവില പ്രവചനങ്ങള്‍ പകുതിയാക്കി കുറച്ച നടപടിയില്‍ നിന്നും പിന്‍വാങ്ങാന്‍ സൂപ്ല തയ്യാറായിട്ടില്ല. ഇംഗ്ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും സ്റ്റാമ്പ് ഡ്യൂട്ടി ചെലവുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇത്.
വിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണം റെക്കോര്‍ഡില്‍ തുടരുന്നതാണ് ഭവനവില കുതിച്ചുയരാതെ തടഞ്ഞ് നിര്‍ത്തുന്നത്. ജൂണില്‍ ശരാശരി യുകെ ഭവനവില 268,400 പൗണ്ടിലാണ് തുടരുന്നത്. വിപണി സന്തുലിതമായി തുടരുന്നത് പുതിയ പ്രോപ്പര്‍ട്ടികള്‍ തുടര്‍ച്ചയായി വില്‍പ്പനയ്ക്ക് എത്തുന്നതും, വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആശ്വസമായി മാറുകയും ചെയ്യുന്നത് കൊണ്ടാണെന്ന് സൂപ്ല പറയുന്നു.
സാധാരണയായി സമ്മറില്‍ വിപണി മെല്ലെപ്പോക്കിലേക്ക് മാറാറുണ്ട്. എന്നാല്‍ ഇതിന് വിപരീതമാണ് ഇക്കുറിയിലെ സ്ഥിതി. ജൂലൈയില്‍ വീട് വാങ്ങുന്നവരുടെ എണ്ണം 11% വര്‍ദ്ധിച്ചു. ഈ കാലയളവില്‍ വില്‍പ്പന ഉറപ്പിച്ചതില്‍ 8% വര്‍ദ്ധനയും രേഖപ്പെടുത്തി.