ഇവരെക്കൊണ്ട് ഇതൊക്കെ പറ്റുമോ? ആണുങ്ങള്‍ക്ക് പറ്റിയില്ല, പിന്നെയാ! ഇവര്‍ക്ക് അതിനുള്ള കഴിവൊന്നും ഇല്ലെന്നേ... സംശയങ്ങളുടെയും, ചോദ്യങ്ങളുടെയും, പരിഹാസങ്ങളുടെയും മുനമ്പില്‍ നിന്ന് യൂറോ കപ്പ് 2025 ഉയര്‍ത്തി ഉചിതമായ മറുപടിയുമായി ഇംഗ്ലണ്ടിലെ പെണ്‍സിംഹങ്ങള്‍.
സ്‌പെയിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ടിന്റെ പെണ്‍പട യൂറോപ്യന്‍ ചാമ്പ്യന്‍മാരായി ശിരസ്സ് ഉയര്‍ത്തിയത്. ഗോള്‍കീപ്പര്‍ ഹന്നാ ഹാംപ്ടണ്‍ നടത്തിയ രണ്ട് ഉഗ്രന്‍ സേവുകളാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് അടുപ്പിച്ചത്.
ജര്‍മ്മനിയെ സെമിയില്‍ തോല്‍പ്പിച്ച് എത്തിയ സ്‌പെയിന് ഫൈനലില്‍ കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ല. ഇംഗ്ലണ്ടിന്റെ പെണ്‍സിംഹങ്ങള്‍ കളത്തില്‍ നിറഞ്ഞുകളിച്ചപ്പോള്‍ സ്‌പെയിന്‍ പല ഘട്ടത്തിലും വിയര്‍ത്തു. എന്നിരുന്നാലും കൃത്യസമയത്ത് ഗോള്‍ വീഴ്ത്തി ഇംഗ്ലണ്ടിനെ വരുതിയില്‍ നിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു.
റൂസോയുടെ ഹെഡറിലൂടെയാണ് ഇംഗ്ലണ്ട് സമനില തിരിച്ചുപിടിച്ചത്. അധികസമയക്കളിയിലും ഫലമുണ്ടായില്ല. ഇതോടെ കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു. സ്‌പെയിന്റെ ശ്രമങ്ങള്‍ ഒരു ഭാഗത്ത് ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ തടഞ്ഞിട്ടപ്പോള്‍ മറുഭാഗത്ത് ഗോളുകള്‍ വലകുലുക്കി. ഒടുവില്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍പട്ടം എടുത്തണിയുകയും ചെയ്തു.
സകല പ്രവചനങ്ങളെയും അട്ടിമറിച്ച് നേടിയ വിജയത്തിന് ഇംഗ്ലീഷ് ടീമിന് ലണ്ടനില്‍ ഓപ്പണ്‍ പരേഡ് നല്‍കി വരവേല്‍ക്കാനാണ് ഒരുക്കം നടത്തുന്നത്. ചൊവ്വാഴ്ച സെന്‍ഡ്രല്‍ ലണ്ടനിലാണ് പരിപാടി. വിദേശ മണ്ണില്‍ ഒരു പ്രധാന ടൂര്‍ണ്ണമെന്റില്‍ വിജയിക്കുന്ന ആദ്യ ഇംഗ്ലീഷ് ടീമായി ഇതോടെ ഇംഗ്ലണ്ട്.