എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് 3.6 ശതമാനം ശമ്പളവര്‍ദ്ധന നല്‍കാമെന്നാണ് ലേബര്‍ ഗവണ്‍മെന്റ് ഇക്കുറി ഓഫര്‍ ചെയ്തത്. എന്നാല്‍ ഈ വര്‍ദ്ധന കൈയിലിരിക്കുകയേ ഉള്ളൂവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നഴ്‌സുമാര്‍. ഈ വര്‍ഷത്തെ വര്‍ദ്ധന ഓഫര്‍ വന്‍ പിന്തുണയോടെ നഴ്‌സുമാര്‍ തള്ളിക്കളയുമെന്നാണ് റിപ്പോര്‍ട്ട്.
റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിലെ ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ അംഗങ്ങള്‍ക്കിടയില്‍ യൂണിയന്‍ നടത്തിയ ഇന്‍ഡിക്കേറ്റീവ് വോട്ടിംഗിലാണ് വലിയ ഭൂരിപക്ഷത്തില്‍ ഓഫര്‍ സ്വീകരിക്കുന്നതിന് എതിരെ വോട്ട് ലഭിച്ചത്.
3.6% നാണക്കേടാണെന്ന് ആര്‍സിഎന്‍ നേരത്തെ പ്രതികരിച്ചിരുന്നു. പണപ്പെരുപ്പം അപ്പാടെ വിഴുങ്ങാന്‍ പാകത്തിനുള്ള വര്‍ദ്ധന ഡോക്ടര്‍മാര്‍ക്കും, അധ്യാപകര്‍ക്കും നല്‍കിയതിലും താഴെയാണെന്നും യൂണിയന്‍ ചൂണ്ടിക്കാണിച്ചിരുന്നു.
മൂന്ന് രാജ്യങ്ങളിലായി 345,000 അംഗങ്ങള്‍ക്കിടയില്‍ ഓണ്‍ലൈനായി നടത്തിയ സര്‍വ്വെയിലാണ് ഓഫര്‍ തള്ളാന്‍ വോട്ട് ചെയ്യപ്പെട്ടത്. വോട്ടെടുപ്പിന്റെ പൂര്‍ണ്ണ ഫലം ഈയാഴ്ച അവസാനത്തോടെയാണ് പുറത്തുവരിക. ഇതോടെ എന്‍എച്ച്എസില്‍ ഓട്ടം സീസണും, വിന്ററിലും വരെ ശമ്പളവര്‍ദ്ധനവില്‍ അസന്തുഷ്ടരായ ജീവനക്കാരുടെ സമരങ്ങള്‍ക്ക് വഴിയൊരുങ്ങുകയാണ്.
ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാര്‍ 29% ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് നടത്തുന്ന പണിമുടക്ക് നാലാം ദിവസത്തില്‍ എത്തിനില്‍ക്കുകയാണ്. ഇതിന് പുറമെ ജിഎംബി യൂണിയനില്‍ പെട്ട ആംബുലന്‍സ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള എന്‍എച്ച്എസ് ജീവനക്കാരും 3.6% വര്‍ദ്ധന തള്ളുന്നതിനെ അനുകൂലിച്ചിട്ടുണ്ട്.
ഇന്‍ഡികേറ്റീവ് ബാലറ്റ് ഫലങ്ങള്‍ പുറത്തുവിടുന്ന ആര്‍സിഎന്‍ വിഷയത്തില്‍ മന്ത്രിമാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകും. നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നത് പരിഹരിക്കാനുള്ള സാമ്പത്തിക പിന്തുണ മുതല്‍ അജണ്ട ഫോര്‍ ചേഞ്ചിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ മന്ത്രിമാരുടെ ഓഫര്‍ ചോദിച്ച ശേഷമാകും ഔദ്യോഗികമായി പണിമുടക്ക് സംബന്ധിച്ച വോട്ടിംഗ് നടക്കുക.