ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റം തടയാനുള്ള ലേബര്‍ ഗവണ്‍മെന്റ് ശ്രമങ്ങള്‍ വെറും പേപ്പറില്‍ അവശേഷിക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. എന്തെല്ലാം ചെയ്തിട്ടും കുടിയേറ്റക്കാര്‍ കുടുംബസമേതം ബോട്ടും പിടിച്ച് ബ്രിട്ടീഷ് മണ്ണിലേക്ക് ഉല്ലാസയാത്ര തുടരുന്നു. ഇതോടെയാണ് ചെറുബോട്ടില്‍ ആളുകളെ കുത്തിനിറച്ച് സ്ത്രീകളെയും, കുട്ടികളെയും അപകടത്തിലാക്കുന്നതിനെതിരെ നിയമം നിര്‍മ്മിക്കാന്‍ ഹോം സെക്രട്ടറി തയ്യാറാകുന്നത്.
കടലില്‍ ജീവന്‍ അപകടത്തിലാക്കുന്ന കുറ്റം വിപുലീകരിക്കാനാണ് വെറ്റ് കൂപ്പര്‍ അധികൃതര്‍ക്ക് ഉത്തരവ് നല്‍കിയിരിക്കുന്നത്. ഒരു ചെറിയ ഡിഞ്ചിയില്‍ നൂറോളം യാത്രക്കാരെ കയറ്റാമെന്നതാണ് നിലവിലെ നയം. എന്നാല്‍ ഇത്തരം ചെറുബോട്ടുകള്‍ ഉപയോഗിച്ച് യുകെയിലേക്ക് എത്തുന്നവരുടെ എണ്ണം ഈ വര്‍ഷം റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്.
ബോട്ടുകള്‍ മുങ്ങി ആളുകള്‍ മരിക്കാനുള്ള സാധ്യതയും ഏറെയാണെന്ന് അധികൃതര്‍ ഭയക്കുന്നു. ഈ ഘട്ടത്തിലാണ് ആളുകളെ അപകടത്തിലാക്കുന്നതിനെതിരെ നിയമം ശക്തമാക്കാന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി, അസൈലം, ഇമിഗ്രേഷന്‍ ബില്‍ ഉപയോഗിക്കുന്നത്. കൂടുതല്‍ അധികാരം നല്‍കി തിരക്കേറിയ ഡിഞ്ചികളെ നിയന്ത്രിക്കാനാണ് ഹോം സെക്രട്ടറി ശ്രമിക്കുന്നത്.
എന്നാല്‍ അനധികൃത കുടിയേറ്റക്കാരെ തടയാന്‍ ഇതൊന്നും ഫലം കാണില്ലെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തി. 'അമേരിക്ക ചെയ്യുന്നത് പോലെ നടപടിയെടുത്താല്‍ മാത്രമാണ് ബോട്ടുകളെ തടയാന്‍ കഴിയുക. ഓരോ അനധികൃത കുടിയേറ്റക്കാരനെയും നാടുകടത്തണം, സ്വദേശത്തേക്കോ, റുവാന്‍ഡ പോലെ മറ്റൊരു രാജ്യത്തേക്കോ ഇത് നടപ്പാക്കണം', ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് ആവശ്യപ്പെട്ടു.