മാതാപിതാക്കളെ ആശങ്കയിലാക്കി സൗത്ത് ലണ്ടനില്‍ ഒരു നഴ്‌സറിക്ക് സമീപം കത്തിക്കുത്ത്. നഴ്‌സറിയ്ക്ക് സമീപം നാല് പേര്‍ക്ക് കുത്തേറ്റ സംഭവത്തെ തുടര്‍ന്ന് ഇവിടം ലോക്ക്ഡൗണിലായി. സൗത്ത് ലണ്ടന്‍ സൗത്ത്‌വാര്‍ക്ക്, ലോംഗ് ലെയിനിലേക്കാണ് കത്തിക്കുത്ത് നടന്ന വിവരം അറിഞ്ഞ് എമര്‍ജന്‍സി സര്‍വ്വീസുകള്‍ എത്തിയത്.
സംഭവത്തില്‍ രണ്ട് പുരുഷന്‍മാര്‍ കൊല്ലപ്പെട്ടു. പോലീസും, മെഡിക്കല്‍ സംഘവും സ്ഥലത്തെത്തുമ്പോള്‍ നാല് പേരെയാണ് കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. 58-കാരനായ ഒരാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 27-കാരനായ ഒരാള്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു.
മരണങ്ങള്‍ നടന്നതോടെ ഡിറ്റക്ടീവുമാര്‍ കൊലപാതക അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന 30-കളില്‍ പ്രായമുള്ള വ്യക്തിക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്.
മറ്റൊരു 30-കാരനും കുത്തേറ്റിട്ടുണ്ടെങ്കിലും പരുക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കത്തിക്കുത്ത് നടന്നതോടെ പ്രദേശവാസികള്‍ ആശങ്കയിലായി. നഴ്‌സറിക്ക് തൊട്ടടുത്താണ് അക്രമം നടന്നിട്ടുള്ളതെന്ന് ഒരു അമ്മ വെളിപ്പെടുത്തി. നഴ്‌സറി അലേര്‍ട്ടിലാകുകയും, ലോക്ക്ഡൗണ്‍ ചെയ്യപ്പെടുകയും ചെയ്തു. പിന്നീട് മറ്റുള്ളവര്‍ക്ക് അപകടമില്ലെന്ന് പോലീസ് സ്ഥിരീകരിച്ച ശേഷമാണ് ഇളവുകള്‍ നല്‍കിയത്.
അതേസമയം നിലവില്‍ അക്രമത്തില്‍ തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് എമ്മാ ബോണ്ട് പറഞ്ഞു. മൂന്ന് രോഗികളെയാണ് അടിയന്തരമായി ചികിത്സയ്ക്ക് വിധേയമാക്കേണ്ടി വന്നതെന്ന് ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസ് പറഞ്ഞു. എന്നാല്‍ ഒരാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി സര്‍വ്വീസ് സ്ഥിരീകരിച്ചു.