പാപ്പരായി പ്രഖ്യാപിച്ച് നാണക്കേടിലായ കൗണ്‍സിലാണ് ബര്‍മിംഗ്ഹാം. സ്വന്തം നാട്ടിലെ ജനങ്ങള്‍ക്ക് ആവശ്യത്തിന് സേവനങ്ങള്‍ ഉറപ്പാക്കാന്‍ പോലും പണമില്ല. മാലിന്യ കുപ്പകള്‍ നീക്കം ചെയ്യാന്‍ കഴിയാതെ സമരവും തുടരുകയാണ്. എന്നിട്ടും ചെറുബോട്ടുകളില്‍ എത്തുന്ന അഭയാര്‍ത്ഥി അപേക്ഷകര്‍ക്ക് വന്‍ ഡിസ്‌കൗണ്ടുകളാണ് വിനോദത്തിനായി ഇവര്‍ സമ്മാനിക്കുന്നത്.
ലേബര്‍ നേതൃത്വത്തിലുള്ള അതോറിറ്റിയാണ് അഭയാര്‍ത്ഥി അപേക്ഷകര്‍ക്ക് നീന്തല്‍, ഗോള്‍ഫ്, ട്രാംപൊളിന്‍ പോലുള്ള കളികള്‍ക്കായി ഡിസ്‌കൗണ്ട് നല്‍കുന്നത്. ഏഴ് മാസമായി ഈ മേഖലയില്‍ ബിന്‍ സമരം തുടരുകയാണ്. അതിനിടയിലാണ് പാസ്‌പോര്‍ട്ട് ടു ലെഷര്‍ സ്‌കീം വഴി കുടിയേറ്റക്കാര്‍ക്ക് വിനോദങ്ങള്‍ക്കായി 25 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നത്.
ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയ അനധികൃത കുടിയേറ്റക്കാരാണ് ഇവരില്‍ ഭൂരിഭാഗവും. കൗണ്‍സില്‍ സ്വിമ്മിംഗ് പൂള്‍ ഉപയോഗിക്കാന്‍ 20 ശതമാനം ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. ഇതിനെല്ലാം പുറമെ പലവിധ കളികള്‍ക്കും സബ്‌സിഡിയും നല്‍കുന്നു.
നികുതിദായകരുടെ മുഖത്തിട്ട് അടിക്കുന്നത് പോലുള്ള കാര്യങ്ങള്‍ ബര്‍മിംഗ്ഹാം കൗണ്‍സില്‍ നടപ്പാക്കുന്നുവെന്ന വിവരം വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്. 3.9 ബില്ല്യണ്‍ പൗണ്ട് കടത്തിലുള്ള കൗണ്‍സില്‍ 2023 സെപ്റ്റംബറില്‍ പാപ്പരായെന്ന് പ്രഖ്യാപിച്ചിരുന്നു. അടിയന്തര ചെലവുകള്‍ മാത്രം നടത്തിപ്പോകുമ്പോഴാണ് ഈ തോന്ന്യാസം.