കഴിഞ്ഞ വര്‍ഷം ടോറി ഗവണ്‍മെന്റിനെ സമരം ചെയ്ത് പൊറുതിമുട്ടിക്കാന്‍ കാണിച്ച ആവേശം ഇക്കുറി റസിഡന്റ് ഡോക്ടര്‍മാര്‍ക്കില്ലെന്ന് വ്യക്തമാക്കി പിക്കറ്റ് ലൈന്‍. അഞ്ച് ദിവസത്തെ തുടര്‍ച്ചയായുള്ള പണിമുടക്ക് ആരംഭിച്ച ശേഷവും റസിഡന്റ് ഡോക്ടര്‍മാര്‍ വന്‍തോതില്‍ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നില്ല.
കഴിഞ്ഞ വര്‍ഷം ദുരിതം സമ്മാനിച്ച തരത്തില്‍ ഡോക്ടര്‍മാര്‍ ജോലിക്ക് എത്താതിരുന്നതില്‍ നിന്നും വിഭിന്നമായി ആയിരക്കണക്കിന് കുറവ് റസിഡന്റ് ഡോക്ടര്‍മാരാണ് ഇക്കുറി സമര മുഖത്തുള്ളതെന്നാണ് വ്യക്തമാകുന്നത്. സമരം ചെയ്ത ഡോക്ടര്‍മാരുടെയും, റദ്ദാക്കലുകളുടെയും കണക്കുകള്‍ എന്‍എച്ച്എസ് ഔദ്യോഗികമായി പുറത്തുവിടുന്നത് അടുത്ത ആഴ്ചയാണ്. എന്നിരുന്നാലും സേവനങ്ങളില്‍ വലിയ തോതിലുള്ള തടസ്സങ്ങള്‍ നേരിടുന്നില്ലെന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച പണിമുടക്ക് അവസാനിക്കുന്നത് വരെ മന്ത്രിമാര്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും കൃത്യമായ കണക്കുകള്‍ ലഭിക്കില്ലെങ്കിലും വന്‍തോതില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കുചേരുന്നില്ലെന്നത് ആശ്വാസകരമാണ്. സമരം തുടരുമ്പോഴും ചികിത്സയ്ക്കായി എത്തുന്നത് തുടരാനാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഡോക്ടര്‍മാര്‍ സമരം ചെയ്യുമ്പോള്‍ ആഘാതം കുറയ്ക്കാന്‍ യത്‌നിക്കുന്ന നഴ്‌സുമാര്‍ ഉള്‍പ്പെടെ മറ്റ് ജീവനക്കാരെ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രശംസിച്ചു. ബിഎംഎ നടത്തുന്ന സമരങ്ങള്‍ അനാവശ്യമാണെന്ന നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.