സ്ട്രാറ്റ്‌ഫോര്‍ഡ് സെന്റര്‍ ഷോപ്പിംഗ് മാള്‍ ലണ്ടന്‍ സ്റ്റേഡിയത്തില്‍ നിന്നും വാരകള്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സ്റ്റേഡിയത്തിലെ ഇരമ്പം ഇവിടെ നിന്നാണ് സുഖമായി കേള്‍ക്കാം. 2012ല്‍ ഉസെയിന്‍ ബോള്‍ട്ട് ലോകത്തിന്റെ വേഗതയുള്ള രാജകുമാരനായി കുതിച്ചത് ക്യൂന്‍ എലിസബത്ത് ഒളിംപിക് പാര്‍ക്കിലായിരുന്നു. എന്നാല്‍ അന്ന് ബോള്‍ട്ടിന്റെ പ്രകടനം നേരില്‍ കണ്ടവരുടെ കൂട്ടത്തിലുണ്ടായിരുന്ന മൈക്കിള്‍ ഇന്ന് ഒരു കഷ്ണം കാര്‍ഡ് ബോര്‍ഡില്‍ സ്ട്രാറ്റ്‌ഫോര്‍ഡ് മാളിലെ തറയില്‍ കിടന്നുറങ്ങുന്നു. രാജ്യത്തെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം കാണാന്‍ ചേരികള്‍ തേടിപ്പോകേണ്ട പുനരുദ്ധരിച്ച ഒളിംപിക് ഈസ്റ്റ് എന്‍ഡില്‍ എത്തിയാല്‍ മതി.
കോടികളുടെ കച്ചവടം നടക്കുന്ന ബ്രാന്‍ഡ് സ്‌റ്റോറുകളും, നിശാ ബാറുകളും പ്രവര്‍ത്തിക്കുന്ന ഇവിടെ ഈ ഷോപ്പുകള്‍ അടയ്ക്കാന്‍ കാത്തിരിക്കുന്ന പാവങ്ങളുണ്ട്. കടകളിലെ വെളിച്ചം അണഞ്ഞാല്‍ പിന്നെ ഇത് പാവങ്ങളുടെ ലോകമായി മാറും. ഈ ഷോപ്പിംഗ് മാളില്‍ സ്ഥിരമായി സൂപ്പ് കിച്ചണും നടത്തുന്നു. ബുധനാഴ്ച വൈകുന്നേരം ചാരിറ്റി വോളണ്ടിയര്‍മാര്‍ ഭക്ഷണം വിതരണം ചെയ്യും. സ്ട്രാറ്റ്‌ഫോര്‍ഡ് സെന്ററിലെ ഭക്ഷണത്തിനുള്ള ക്യൂവില്‍ നിന്നും വിശപ്പടക്കി ഇവിടെ തന്നെ കിടന്നുറങ്ങുന്നവരാണ് അധികവും.
ഇവിടെ തറയില്‍ കിടന്നുറങ്ങുന്നവരില്‍ ബ്രിട്ടീഷുകാരും, ദരിദ്ര്യ യൂറോപ്യന്‍മാരും മാത്രമാണ് ഉള്ളതെന്ന ധാരണ വേണ്ട. കാരണം ഒരു നേരത്തെ ഭക്ഷണവും തലചായ്ക്കാന്‍ ഒരിടവും കൊതിച്ചെത്തുന്ന ഇന്ത്യക്കാരും സ്ട്രാറ്റ്‌ഫോര്‍ഡ് സെന്ററില്‍ എത്തുന്നു. ഇവര്‍ക്ക് പുറമെ പാകിസ്ഥാന്‍, ആഫ്രിക്ക, റൊമാനിയന്‍, അല്‍ബേനിയന്‍ വംശജരും ഇവിടെയെത്തും. ഇവര്‍ ആരും തന്നെ രാജ്യത്ത് അനധികൃതമായി എത്തിയവരല്ലെന്ന് സ്ട്രാറ്റ്‌ഫോര്‍ഡ് ഭരിക്കുന്ന ന്യൂഹാം കൗണ്‍സില്‍ വ്യക്തമാക്കുന്നു. സ്വകാര്യ സ്ഥലം അല്ലാത്തതിനാല്‍ ഇവരെ നീക്കം ചെയ്യുന്നില്ല, പ്രശ്‌നങ്ങളും ഉണ്ടാക്കുന്നില്ല, ഒരു രാത്രി ഉറക്കം മാത്രമാണ് ഇവരുടെ പ്രശ്‌നം.
കഴിഞ്ഞ ആഴ്ച ഭക്ഷണം നല്‍കുന്ന ചാരിറ്റികളുടെ എണ്ണം പത്തായി ഉയര്‍ന്നു. സ്ട്രാറ്റ്‌ഫോര്‍ഡ് സെന്ററിലെ ചില്ലിട്ട വാതിലുകളും, അതിന് അപ്പുറവും രണ്ട് ലോകങ്ങളാണ്. ഉള്ളന്റെയും, ഇല്ലാത്തവന്റെയും വ്യത്യസ്ത ലോകങ്ങള്‍.