സ്‌കോട്ട്‌ലണ്ട് യാര്‍ഡ് എന്ന പേരും പെരുമയുമുള്ള കുറ്റാന്വേഷണ ഏജന്‍സി ബ്രിട്ടനുണ്ട്. പക്ഷെ ബ്രിട്ടീഷ് തെരുവുകളിലും വീടുകളിലും കഴിയുന്ന ജനങ്ങളുടെ സമാധാനം കെടുത്തുന്ന മോഷങ്ങളും, പിടിച്ചുപറികളും കുതിച്ചുയരുമ്പോള്‍ ഇവര്‍ക്ക് ഒന്നും ചെയ്യാനില്ല. ബ്രിട്ടീഷ് പോലീസ് വെറുതെ നോക്കുകുത്തിയായി മാറിക്കഴിഞ്ഞ അവസ്ഥയില്‍ മോഷണത്തിന് വിധേയമായാല്‍ മാനം നോക്കി ഇരിക്കുക മാത്രമാണ് വഴിയെന്നാണ് പുതിയ കണക്കുകള്‍ തെളിയിക്കുന്നത്. യുകെയില്‍ നടക്കുന്ന 20 തെരുവ് മോഷണങ്ങളും, തട്ടിപ്പറികളും അരങ്ങേറുമ്പോള്‍ ഒരു കേസെങ്കിലും തെളിഞ്ഞാല്‍ ആയെന്നതാണ് അവസ്ഥയെന്നാണ് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം.
2017ല്‍ ഇംഗ്ലണ്ടിലും വെയില്‍സിലും നടന്ന മോഷങ്ങളില്‍ നാല് ശതമാനവും, ഭവനഭേദനങ്ങളിലും മൂന്ന് ശതമാനവും കേസുകള്‍ മാത്രമാണ് പരിഹരിച്ചതെന്ന് ഔദ്യോഗിക പോലീസ് ഡാറ്റ വ്യക്തമാക്കുന്നു. ദേശീയ പോലീസിന്റെ പ്രവര്‍ത്തനം ഞെട്ടിക്കുന്ന വിധത്തില്‍ അപര്യാപ്തമായ സേവനമാണ് നല്‍കുന്നതെന്ന ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഈ കണക്ക്. ലണ്ടനില്‍ കത്തിക്കുത്തും, വെടിവെപ്പും, പട്ടാപ്പകല്‍ പിടിച്ചുപറിയും സ്ഥിരം സംഭവമായി മാറവെയാണ് പോലീസിന് കേസുകളില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് അവരുടെ കണക്ക് തന്നെ വ്യക്തത നല്‍കുന്നത്.
30 കുറ്റകൃത്യങ്ങളെങ്കിലും നടന്ന ആയിരം പ്രദേശങ്ങളില്‍ ഒരു പ്രതിയെ പോലും പിടികൂടാനോ, ശിക്ഷിക്കാനോ പോലീസിന് സാധിച്ചില്ല. നോട്ടിംഗ്ഹാംഷയറിലെ റഷ്‌ക്ലിഫ്, സൗത്ത് ബക്കിംഗ്ഹാംഷയര്‍, സൗത്ത് കേംബ്രിഡ്ജ്ഷയര്‍, ബ്ലാക്ക്പൂള്‍, പ്രസ്റ്റണ്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് കേസുകള്‍ പരിഹരിക്കുന്നത്. കേസുകളില്‍ തുമ്പുണ്ടാക്കുന്നതില്‍ മുന്നിലുള്ളത് 26 ശതമാനവുമായി എസെക്‌സിലെ അട്ടില്‍സ്‌ഫോര്‍ഡാണ്. പിന്നാലെ ബോസ്റ്റണ്‍, മെര്‍തിര്‍ ടൈഡ്ഫില്‍, ഡാര്‍ലിംഗ്ടണ്‍, കൗണ്ടി ഡുര്‍ഹാം എന്നിവിടങ്ങളുമുണ്ട്.
ആകെ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ വെറും ഒന്‍പത് ശതമാനം പ്രതികള്‍ മാത്രമാണ് പിടിയിലാകുന്നതും ശിക്ഷിക്കപ്പെടുന്നതും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 50% കുറവാണ് ഇതില്‍ സംഭവിച്ചത്. അതിക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കിയ അവസ്ഥയെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് പോകേണ്ടതില്ല. ഹോം സെക്രട്ടറി സാജിദ് ജാവിദ് പോലും ഈ മോഷ്ടാക്കളുടെ പിടിച്ചുപറിക്ക് ഇരയായി. കമ്മ്യൂണിറ്റീസ് സെക്രട്ടറി പദത്തില്‍ ഇരിക്കവെ യൂസ്റ്റണ്‍ സ്റ്റേഷന് പുറത്ത് വെച്ചാണ് തന്റെ ഫോണ്‍ നഷ്ടപ്പെട്ടതെന്ന് ജാവിദ് വെളിപ്പെടുത്തി. പട്ടാപ്പകല്‍ മോഷ്ടിച്ചാലും കൊല നടത്തിയാലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു.
പോലീസിന്റെ കെടുകാര്യസ്ഥത കൂടുതല്‍ വ്യക്തമായതോടെ കള്ളന്‍മാര്‍ കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ തന്നെയാണ് സാധ്യത. മോഷണത്തിനും അക്രമത്തിനും വിധേയരായാല്‍ പോലീസ് സംരക്ഷണം നല്‍കുമെന്ന പ്രതീക്ഷ അസ്ഥാനത്താണ്.