സ്വന്തം വയറ്റില്‍ പിറന്ന കുഞ്ഞിനെ ജനലിലൂടെ ഒരമ്മ പുറത്തേക്കെറിഞ്ഞു. താഴെവീണ കുഞ്ഞിനെ കാല്‍നടക്കാര്‍ പരിപാലിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. മൂന്നാം നിലയില്‍ നിന്നുമാണ് അമ്മ കുഞ്ഞിനെ പുറത്തേക്കെറിഞ്ഞത്. എന്നാല്‍ താഴെ പ്രവര്‍ത്തിച്ചിരുന്ന കടയുടെ മുന്നില്‍ കെട്ടിയിരുന്ന പന്തലിന് മുകളില്‍ വീണതിനാല്‍ ആഘാതം കുറഞ്ഞത് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു.
പന്തലില്‍ നിന്നും തെറിച്ച് കുഞ്ഞ് താഴേക്ക് വീണപ്പോഴാണ് താഴെയുള്ളവര്‍ സംഭവം മനസ്സിലാക്കുന്നത്. മലേഷ്യയിലെ കജാംഗ് നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍. ഓടിയെത്തിയ ആളുകള്‍ കുഞ്ഞ് ജീവനോടെയുണ്ടോയെന്ന് പരിശോധിക്കുന്നതാണ് ദൃശ്യങ്ങള്‍. ഒരു കാല്‍നടക്കാരന്‍ കുഞ്ഞിനെ കൈകളില്‍ എടുത്ത് പരിപാലിച്ചു.
കടുപ്പമേറിയ വീഴ്ച ആയിരുന്നെങ്കിലും പന്തലാണ് ആഘാതം കുറച്ചത്. ഒരു വലിയ ശബ്ദവും പിന്നാലെ തന്റെ ജീവനക്കാരന്റെ കരച്ചിലും കേട്ടാണ് ഓടിയെത്തിയതെന്ന് റെസ്‌റ്റൊറന്റ് ഉടമ തയാലാന്‍ പാളിയാണ്ടി വ്യക്തമാക്കി. ഓടിച്ചെല്ലുമ്പോള്‍ കുഞ്ഞ് അനക്കമറ്റ് കിടക്കുകയാണ്. ശരീരം നീല നിറമാകുകയും, തലയിലൂടെയും മൂക്കിലൂടെയും രക്തം ഒഴുകുന്നുമുണ്ടായിരുന്നു. മരിച്ചെന്ന് കരുതിയെങ്കില്‍ കൈ അനങ്ങുന്നത് കണ്ടതോടെയാണ് ആശ്വാസമായത്, ഇദ്ദേഹം പറഞ്ഞു.
കുഞ്ഞിനെ കൈയിലെടുത്ത് തയാലാന്‍ കിട്ടിയ വാഹനത്തിന് അടുത്തുള്ള ക്ലിനിക്കിലെത്തി. കുഞ്ഞ് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. ക്ലിനിക്കില്‍ നിന്നും ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് കുട്ടി. കുട്ടിയുടെ അമ്മയ്ക്കായുള്ള തെരച്ചിലിലാണ് പോലീസ്.