Breaking Now

കര്‍ക്കടകത്തിലെ ആഹാരം

എന്ത് കഴിക്കുന്നു എന്നതിനെ ആശ്രയിച്ച് കൂടിയാണ് രോഗവും ആരോഗ്യവും ഉണ്ടാകുന്നത്. വല്ലപ്പോഴും കഴിക്കുന്നത് വലിയ കുഴപ്പ മോ,വളരെ നല്ലതോ ആകാറില്ല. എന്നാല്‍ എന്താണോ ശീലമാക്കുന്നത് അതിനെ കേന്ദ്രീകരിച്ചാണ് രോഗവും ആരോഗ്യവും  പ്രകടമാകുന്നത്.ഒരു വ്യക്തിയുടെ ആരോഗ്യകാരണമായി ഭക്ഷണത്തെപ്പോലെ പലതും പറയാമെങ്കിലും നിത്യവും ഉപയോഗിക്കുന്ന ഭക്ഷണം പോലെ പ്രാധാന്യം മറ്റുള്ളവയ്ക്കില്ലെന്നു കാണാം.

 വിവിധങ്ങളായ ഭക്ഷണം ശരീരത്തിന് ആവശ്യമായ സൂക്ഷ്മ മൂലകങ്ങളെ ഉള്‍പ്പെടെ ശരീരത്തില്‍ എത്തിക്കും.  പല തരത്തിലുള്ള പഴം, പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങിയവയാണ് ഉപയോഗിക്കേണ്ടത്. ജ്യൂസ് ആയി ഉപയോഗിക്കുന്നതിനേക്കാള്‍ ഫലത്തിന്റെ ഉപയോഗയോഗ്യമായ ഭാഗം മുഴുവനായി കഴിക്കുന്നതാണ്  നല്ലത്

 വളരെകുറച്ച് ധാന്യ വിഭാഗങ്ങളാണ് കേരളീയര്‍ കഴിക്കുന്നത്. അരി, ഗോതമ്പ് തുടങ്ങിയവ മാത്രമല്ല കൂവരക്, ചോളം,തിന തുടങ്ങിയവയും ഉപയോഗിക്കണം. കൂവരകില്‍ ഇരുമ്പിന്റെ അംശം  വളരെ കൂടുതലുള്ളതിനാല്‍ വിളര്‍ച്ച രോഗികള്‍ക്ക് അത് വളരെ നല്ലതാണ്.

 പോഷകക്കുറവുള്ളവര്‍ക്ക് ഞവര അരി വളരെ ഗുണം ചെയ്യും.കര്‍ക്കടക കഞ്ഞി വയ്ക്കുവാന്‍ ഞവരയരി തന്നെയാണ് നല്ലത്. കര്‍ക്കടകത്തില്‍ തൈര്  ഉപയോഗിക്കരുത്.. മോരും മോരു കറിയും നല്ലതുതന്നെ.  വളരെ നാളുകളായി കേരളത്തില്‍ പ്രചാരത്തിലുള്ള ചില കോമ്പിനേഷനുകള്‍ ഇന്ന് പലരും ശ്രദ്ധിക്കുന്നില്ല. പൊതുവേ വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണത്തിന് വളരെ പ്രാധാന്യം നല്‍കണം. പ്രഭാത ഭക്ഷണം കഴിക്കാതെ ശരിയായ ആരോഗ്യം നിലനിര്‍ത്താന്‍ സാധ്യമല്ല. പ്രഭാത ഭക്ഷണം കഴിക്കാന്‍ തോന്നണമെങ്കില്‍ തലേദിവസം രാത്രി കിടക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് കുറഞ്ഞ അളവില്‍ എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിച്ചിരിക്കണം.സാലഡുകള്‍ ആഹാരത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. എണ്ണ പലഹാരങ്ങള്‍ക്കും, ബേക്കറി പലഹാരങ്ങള്‍ക്കും, അച്ചാറുകള്‍ക്കും വളരെ ചെറിയ സ്ഥാനമേ നല്‍കാവൂ .

അലര്‍ജി രോഗങ്ങള്‍ ഇല്ലാത്തവര്‍ കറുത്ത മുന്തിരി, മുന്തിരിജ്യൂസ് എന്നിവയും അലര്‍ജി ഉള്ളവര്‍ ഉണക്ക കറുത്ത മുന്തിരിയും കഴിക്കണം. പോഷണം കുറഞ്ഞവര്‍ക്ക് ഈത്തപ്പഴം നല്ല ത്.ബദാം,കപ്പലണ്ടി വേകിച്ചത് ,ചെറുപയര്‍,കറുത്ത എള്ള്,വാല്‍നട്ട്,സൂര്യകാന്തി വിത്ത് തുടങ്ങിയവ കുറേശ്ശെ കഴിക്കണം.

നെയ്യ് ചേര്‍ത്ത ഭക്ഷണം കൊളസ്‌ട്രോള്‍ വരുമെന്ന് പേടിച്ച് കുട്ടിക്കാലം മുതല്‍ തന്നെ ഒഴിവാക്കുന്നവര്‍ ഉണ്ട്.അത് തീരെ ശരിയല്ല.ഡാല്‍ഡ,സൂര്യകാന്തി എണ്ണ എന്നിവയെ ക്കാല്‍ വെളിച്ചെണ്ണ തന്നെയാണ് നല്ലത്.എന്നാല്‍ പല തവണ പാകം ചെയ്ത് ഉപയോഗിക്കുന്ന ഒരു തരം എണ്ണയും നല്ലതല്ല.

കഫ സംബന്ധമായ  രോഗമുള്ളവര്‍ക്ക് ഉഴുന്നിന്റെ ഉപയോഗം കുറച്ചുമതി. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും കടല്‍ വിഭവങ്ങള്‍ കഴിക്കണം. കറിവെച്ച് കഴിക്കുന്നതാണ് നല്ലത്. വറുത്തതും പൊരിച്ചതും പരമാവധി കുറയ്ക്കണം. ആവിയില്‍ പുഴുങ്ങിയതും, അവല്‍ വിളയിച്ചതും, ഇലയട, നെയ്യില്‍ വറുത്ത ഏത്തപ്പഴം,കരുപ്പട്ടി ചേര്‍ത്ത് വെച്ച  പായസം തുടങ്ങിയവ കുട്ടികളെ ശീലിപ്പിക്കണം. അധികം മധുരം, നിറം,മണം,രുചി എന്നിവക്ക് വേണ്ടി ചേര്‍ക്കുന്ന  കൃത്രിമ വസ്തുക്കള്‍,അധികമായ  എരിവും പുളിയുംഎന്നിവ പരമാവധി ശീലിക്കാതെ  നോക്കണം.

 

സവാളയെക്കാള്‍ ചുവന്നുള്ളി നല്ലത്.പച്ച മുളകാണ് ചുവന്ന മുളകിനേക്കാള്‍ നല്ലത്.പിണം പുളിയാണ് സാധാരണ പുളിയേക്കാള്‍ ആരോഗ്യകരം.ഇഞ്ചിയും നാരങ്ങയും പല തരത്തില്‍ ഉപയോഗിക്കാം.കൊളസ്‌ട്രോളും പൊണ്ണത്തടിയും കൂടുന്നത് സമയത്ത് ആഹാരം കഴിക്കാത്തത് കൊണ്ടാണ്.ചായയും കാപ്പിയും കുറയ്ക്കണം.ചുവന്ന ചീര ,മറ്റ് ഇല വര്‍ഗ്ഗങ്ങള്‍ എന്നിവ നല്ലത്.പാകം ചെയ്യാതെ ഉപയോഗിക്കാന്‍ സാധിക്കുന്നവ അപ്രകാരം ഉപയോഗിക്കണം.പച്ചക്കായ,പടവലം,കോവക്ക,പാവല്‍,തുടങ്ങിയവ നല്ലപോലെ ഉപയോഗിക്കണം.

 

ഭക്ഷണം എന്നത് ആരോഗ്യത്തെ നല്‍കുന്നത് ആയിരിക്കണം. കര്‍ക്കടകത്തില്‍ ഏറ്റവും എളുപ്പം ദഹിക്കുന്ന ഭക്ഷണം  അതും വളരെ മിതമായി മാത്രം കഴിക്കുക.

 

 

ഡോ. ഷര്‍മദ് ഖാന്‍

 

സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍

 

ആയുര്‍വേദ ഡിസ്‌പെന്‌സറി

 

 ചേരമാന്‍ തുരുത്ത്

 

തിരുവനന്തപുരം .

 

Tel Tel9447963481

 
കൂടുതല്‍വാര്‍ത്തകള്‍.