പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബായ അല്‍ നസറുമായി കരാര്‍ ഒപ്പുവെച്ചു. പരസ്യവരുമാനമടക്കം 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1950 കോടി രൂപ) വാര്‍ഷിക വരുമാനത്തോടെ രണ്ടര വര്‍ഷത്തേയ്ക്കാണ് കരാര്‍. ക്ലബിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ചരിത്ര നീക്കം പങ്കുവെച്ച അല്‍ നസര്‍ ടീം റൊണാള്‍ഡോയുടെ വരവ് ക്ലബിന് മാത്രമല്ല രാജ്യത്തിനും ഗുണം ചെയ്യുമെന്ന് ട്വീറ്റ് ചെയ്തു.ക്ലബിന്റെ ഏഴാം നമ്പര്‍ ജേഴ്‌സിയും കയ്യിലേന്തിയുള്ള റൊണാള്‍ഡോയുടെ ചിത്രവും കുറിപ്പിനോടൊപ്പം ടീം പങ്കുവെച്ചിട്ടുണ്ട്. ജനുവരി ഒന്നുമുതലാണ് കരാര്‍ പ്രാബല്യത്തില്‍ വരുന്നത്. ചരിത്രത്തിലെ റെക്കോര്‍ഡ് പ്രതിഫലമാണ് സൂപ്പര്‍ താരത്തിന് ലഭിക്കുക. ലോകകപ്പ് മത്സരങ്ങള്‍ക്കിടെ നവംബറിലാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ അവസാനിപ്പിച്ചത്.
സൗദി ക്ലബില്‍ ചേര്‍ന്നതോടെ താരത്തിന്റെ ചാമ്പ്യന്‍സ് ലീഗ് സ്വപ്നങ്ങളും അവസാനിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ കളിയ്ക്കുന്ന ഏതെങ്കിലും ക്ലബില്‍ ചേരാനായിരുന്നു താരത്തിന് താല്‍പ്പര്യം. എന്നാല്‍ റെക്കോര്‍ഡ് ഓഫര്‍ നല്‍കി സൗദി ക്ലബ് സൂപ്പര്‍ താരത്തെ സ്വന്തമാക്കുകയായിരുന്നു. റിയാദ് ആസ്ഥാനമായുള്ള ക്ലബിലേക്കുള്ള റൊണാള്‍ഡോയുടെ വരവോടെ രാജ്യത്തിന്റെ കായിക ചരിത്രവും മാറുമെന്നാണ് ടീം വിശ്വസിക്കുന്നത്.