CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 59 Minutes 46 Seconds Ago
Breaking Now

ദൈവസ്‌നേഹത്തിന്റെ തീര്‍ത്ഥാടകന്‍ സാധു ഇട്ടിയവിര നിര്യാതനായി

കോതമംഗലം: 101ാം ജന്മദിനത്തിന് നാല് ദിവസങ്ങള്‍ ശേഷിക്കെ പ്രശസ്ത ആത്മീയചിന്തകനും  ഗ്രന്ഥകാരനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ സാധു ഇട്ടിയവിര (101)  മാര്‍ച്ച് 14ന്  നിര്യാതനായി.

കോതമംഗലം ഇരമല്ലൂര്‍ പെരുമാട്ടിക്കുന്നേല്‍ ജീവജ്യോതിയിലായിരുന്നു താമസം.

സംസ്‌കാരം (മാര്‍ച് 15 ന് )4 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍. ഭാര്യ ലാലിക്കുട്ടി തിരുവല്ല മണലേല്‍ കുടുംബാംഗം. മകന്‍: ജിജോ ഇട്ടിയവിര (അധ്യാപകന്‍, സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോതമംഗലം) മരുമകള്‍: ജെയ്‌സി ജോസ്.  എമ്മ മരിയ പേരക്കുട്ടിയുമാണ്

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരാഴ്ചയായി കോതമംഗലം സെന്റ് ജോസഫ് (ധര്‍മ്മഗിരി ) ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു.

കോതമംഗലം താലൂക്കിലെ കുറ്റിലഞ്ഞി എന്ന ഗ്രാമത്തില്‍നിന്നും വളര്‍ന്ന് ലോകമാകെ സഞ്ചരിച്ച് ആത്മീയ പ്രബോധനം നടത്തി പ്രശസ്തനായിമാറിയ സാധു ഇട്ടിയവിര ആധ്യാത്മിക പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ വളരെയേറെ ശ്രദ്ധേയനായി. ദൈവത്തിന്റെ വഴിയേ മാത്രം സഞ്ചരിക്കുന്ന ഒരു സാധുവിന്റെ അസാധുവാകാത്ത ജീവിതമാണ് സാധു ഇട്ടിയവിര നയിച്ചത്. കോതമംഗലം കുറ്റിലഞ്ഞിക്കടുത്തു ഇടുപ്പിക്കുന്നിലെ ജൈവസമ്പന്നതയുടെ നടുവില്‍ ഒരു പൂങ്കാവനം പോലുള്ള വിശാലതയിലാണ് പ്രകൃതിബന്ധമായി സഞ്ചരിച്ച സുവിശേഷകനായ ഈ സാത്വികന്‍ ഉല്ലാസവാനായി തന്റെ ജീവിതംഅവസാനം വരെ ജീവിച്ചത്.

പാലാ കൊല്ലപ്പള്ളി പെരുമാട്ടിക്കുന്നേല്‍ മത്തായിയുടെയും അന്നമ്മയുടെയും മകനായി 1922 ലാണ് ഇട്ടിയവിരയുടെ ജനനം. ഇ എസ് എല്‍ സി പാസായപ്പോള്‍ പഠനം മതിയാക്കി എറണാകുളത്ത് തടി ഡിപ്പോ മാനേജരായി ജോലി ചെയ്തു. തുടര്‍ന്ന് പട്ടാളത്തില്‍ ക്ലര്‍ക്കായി 1942 ല്‍ തുടങ്ങിയ സേവനം അഞ്ചു കൊല്ലം തുടര്‍ന്നു. രണ്ടാം ലോകമഹായുദ്ധ കാലത്തു മലയയില്‍ എത്തിയെങ്കിലും യുദ്ധം അവസാനിച്ചാല്‍ പങ്കെടുക്കേണ്ടിവന്നില്ല. തുടര്‍ന്ന് തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ പ്രീയൂണിവേഴ്‌സിറ്റി പേടിച്ചു. 1950 ല്‍ ഈശോസഭയില്‍ ചേര്‍ന്ന് എങ്കിലും വൈദീകനാകാതെ തിരിച്ചുപോരാനായിരുന്നു ദൈവവിളി. 1962 ല്‍ തിരികെ വന്ന ശേഷം ദൈവം നമ്മെ സ്‌നേഹിക്കുന്നു എന്ന സന്ദേശം എഴുതിയ വസ്ത്രം ധരിച്ചുകൊണ്ട് കേരളത്തിന്റെ ദിക്കായ ദിക്കെല്ലാം യാത്ര ചെയ്തു. രണ്ടു ജോഡി ഉടുപ്പും സഞ്ചിയില്‍ കരുതി ചെല്ലുന്നിടത്തൊക്കെ ദൈവവചനം പറഞ്ഞു തല ചായ്ക്കാന്‍ ഇടം കിട്ടുന്നിടത്തു ഉറങ്ങി ദൈവസ്‌നേഹത്തിന്റെ പ്രവാചകനായി ജീവിച്ചു. ക്രിസ്റ്റീയ തീഷ്ണതയോടെ മായം ചേര്‍ക്കാതെ സുവിശേഷം പ്രസംഗിക്കുകയും ജീവിക്കുകയും ചെയ്ത സാധു ഇട്ടിയവിരയുടെ നിര്യാണം കത്തോലിക്കാ സഭക്ക് മുഴുവന്‍ നികത്താനാകാത്ത നഷ്ടം  തന്നെയാണ്. 

അന്താരാഷ്ട്ര പ്രസിദ്ധമായ ഷ്വൈറ്റ്‌സര്‍ അവാര്‍ഡ് ജേതാവാണ്. 101ാം പിറന്നാള്‍ദിനം ഈ വരുന്ന മാര്‍ച്ച് 18 ന് ശനിയാഴ്ച ആഘോഷിക്കാന്‍ ഇരിക്കെ ജന്മമാസത്തില്‍തന്നെ തന്റെ ധന്യവും ശ്രേഷ്ഠവുമായിരുന്ന ജീവിതയാത്രക്ക് വിരാമം കുറിച്ചു. കുറ്റിലഞ്ഞി ഇടുപ്പക്കുന്നിലുള്ള വീട്ടില്‍ ഭൗതീകശരീരം പൊതു ദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഇന്ന്  (മാര്‍ച്ച് 15 ചൊവ്വ) വൈകിട്ട് കോതമംഗലം സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കാരം നടക്കും.

(ബെന്നി അഗസ്റ്റിന്‍)

 

 




കൂടുതല്‍വാര്‍ത്തകള്‍.