ഇന്ത്യന്‍ ക്രിക്കറ്റിനെ ആവേശത്തിലേക്ക് നയിച്ച ടൂര്‍ണമെന്റാണ് ഐപിഎല്‍. 2008-ലെ പ്രഥമ ഐപിഎല്ലില്‍ ഇന്ത്യന്‍ സഹതാരങ്ങളായ എസ് ശ്രീശാന്തും, ഹര്‍ഭജന്‍ സിംഗും തമ്മിലുണ്ടായ സംഘര്‍ഷം ആരും മറന്നുകാണില്ല.
ഒരു വര്‍ഷം മുന്‍പ് ടി20 ലോകകപ്പ് നേടിയ ടീമില്‍ ഒരുമിച്ചുണ്ടായെങ്കിലും ഐപിഎല്ലില്‍ വ്യത്യസ്ത ടീമുകള്‍ക്ക് വേണ്ടിയാണ് ഇവര്‍ രംഗത്തിറങ്ങിയത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബും, മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടന്ന മത്സരത്തിന് ശേഷം ഗ്രൗണ്ടില്‍ കരഞ്ഞുനിന്ന ശ്രീശാന്തിനെ കണ്ടതോടെയാണ് വിഷയം പുറത്തുവന്നത്.
ശ്രീശാന്തിന്റെ മുഖത്തടിച്ച ഹര്‍ഭജന് ടൂര്‍ണമെന്റില്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ വിലക്ക് നേരിട്ടു. തനിക്കും, ടീമിനും നാണക്കേട് സമ്മാനിച്ച സംഭവം തന്റെ തെറ്റാണെന്ന് ഹര്‍ഭജന്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് ശേഷവും ഇന്ത്യന്‍ സ്പിന്നറുമായി സൗഹൃദത്തിലാണെന്ന് ശ്രീശാന്ത് പറയുന്നു.
'ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. ഒരു തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ സംഭവമാണ്, മാധ്യമങ്ങള്‍ അത് ഊതിപ്പെരുപ്പിച്ചു. തുടക്കം മുതല്‍ എന്നെ പിന്തുണയ്ക്കുന്ന ആളാണ് ഭാജി. ആ പിന്തുണയ്ക്ക് നന്ദി. 'തെരേ ജൈസാ യാര്‍ കഹാ' എന്നൊരു ഗാനമുണ്ട്, അതാണ് അദ്ദേഹത്തോടുള്ള എന്റെ ബന്ധം', ശ്രീശാന്ത് പറഞ്ഞു.