സംവിധായകന്‍ ഗിരീഷ് എ ഡിയുടെ പരാമര്‍ശത്തെ തിരുത്തി സംവിധായകന്‍ വിനയന്‍. വിനയന്‍ സംവിധാനം ചെയ്ത 'ശിപായി ലഹള'യും 'കല്യാണ സൗഗന്ധിക'വും ആരും പറഞ്ഞു കേള്‍ക്കാതെ ശ്രദ്ധിക്കാതെ പോയ സിനമകളാണെങ്കിലും തനിക്ക് ഇഷ്ടപ്പെട്ടവയാണ് എന്നായിരുന്നു ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ഗിരീഷ് എ ഡി പറഞ്ഞത്. എന്നാല്‍ രണ്ട് ചിത്രങ്ങളും കൊമേഴ്‌സ്യല്‍ഹിറ്റായിരുന്നു എന്ന് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എന്റെ കരിയറിന്റെ തുടക്കകാലത്ത് ചെയ്ത രണ്ട് സിനിമകളാണ് ശിപായി ലഹളയും കല്യാണസൗഗന്ധികവും. പ്രേക്ഷകര്‍ ഇഷ്ടപ്പെടുകയും തിയേറ്ററുകളില്‍ ഹിറ്റാവുകയും ചെയ്ത സിനിമകളായിരുന്നൂ രണ്ടും. കല്യാണ സൗഗന്ധികത്തിലൂടെയാണ് അന്ന് ഒന്‍പതാം ക്ലാസുകാരിയയ ദിവ്യ ഉണ്ണി സിനിമയില്‍ നായികയാവുന്നത്. ദിലീപിന്റെ കരിയറിലെ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്ത ചിത്രമായിരുന്നു കല്യാണ സൗഗന്ധികം.
ശിപായി ലഹളയും കല്യാണ സൗഗന്ധികവും ആരും പറഞ്ഞു കേള്‍ക്കാതെ ശ്രദ്ധിക്കാതെ പോയ സിനമകളാണെങ്കിലും തനിക്ക് ഇഷ്ടപ്പെട്ടവയാണ് എന്ന് സംവിധായകന്‍ ഗിരീഷ് എ ഡി പറഞ്ഞതായി കഴിഞ്ഞദിവസം ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വായിക്കുകയുണ്ടായി. അതു ശരിയല്ല ഗിരീഷ്, അന്ന് കൊമേഴ്‌സ്യല്‍ ഹിറ്റായിരുന്നു എന്നു മാത്രമല്ല റിലീസു ചെയ്തിട്ട് 28 വര്‍ഷമായെങ്കിലും ഇന്നും ഈ സിനിമകള്‍ക്ക് ചാനലുകളില്‍ പ്രേക്ഷകരുണ്ട്.
ടിവിയില്‍ ഈ സിനിമകള്‍ വരുമ്പോള്‍ ഇപ്പോഴും എന്നെ വിളച്ച് അഭിപ്രായം പറയുന്നവരുണ്ട്. അന്നത്തെ കോമഡി സിനിമകളില്‍ നിന്നും വ്യത്യസ്ഥമായ ട്രീറ്റ്‌മെന്റായിരുന്നു ശിപായി ലഹളയുടേത്. അക്കാലത്ത് ഓണ്‍ലൈന്‍ പ്രമോഷനോ റിവ്യുവോ ഒന്നും ഇല്ലല്ലോ? അന്നത്തെ ഫിലിം മാഗസിനുകള്‍ റഫറു ചെയ്താല്‍ ഈ രണ്ട് സിനിമകളേം പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ ശ്രീ ഗിരീഷിന് മനസിലാക്കാന്‍ കഴിയും. ഞാന്‍ ചെയ്ത കോമഡി സിനിമകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടവയാണ് ഈ രണ്ട് സിനിമകളും, വിനയന്‍ കുറിച്ചു