കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ ലോറിയടക്കം കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് (30) വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. ജിപിഎസ് പോയിന്റ് കേന്ദ്രീകരിച്ച് ഇന്ന് റഡാറിന്റെ സഹായത്തോടെയാകും തിരച്ചില്‍ നടത്തുക. ഇതിനായി റഡാര്‍ സംവിധാനം എത്തിച്ചു. എസ്ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങള്‍ എത്തിയാണ് തിരച്ചില്‍ നടത്തുന്നത്.
തിരച്ചില്‍ നടക്കുന്നതിനിടെ മഴ കനക്കുന്നത്, മണ്ണിടിച്ചില്‍ വീണ്ടുമുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. മണ്ണിടിഞ്ഞ ഭാഗത്ത് ലോറി കുടുങ്ങിയിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. ഏകദേശം 100 അടിയിലധികം താഴ്ചയിലായിരിക്കും ലോറി ഉണ്ടാകുക എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചിലില്‍ അത് കണ്ടെത്താന്‍ കഴിയുമെന്നും അവര്‍ വിശദീകരിക്കുന്നു.
കുറഞ്ഞപക്ഷം ലോറി കിടക്കുന്ന പ്രദേശമെങ്കിലും കണ്ടെത്താന്‍ ആയാല്‍ ദൗത്യം കൂടുതല്‍ സുഗമമാകും. നാവികസേന, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പോലീസ്, അഗ്‌നിശമന സേനാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിന് അഞ്ചാം ദിനത്തില്‍ സംഭവ സ്ഥലത്തുണ്ട്.
അപകടത്തിന്റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അര്‍ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം അറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളില്‍ ചിലര്‍ അപകട സ്ഥലത്തേക്ക് പോയി രക്ഷാപ്രവര്‍ത്തകര്‍ക്ക് ജിപിഎസ് വിവരങ്ങള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന്, വിവരം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള ഇടപെടല്‍ ഉണ്ടായതിന് ശേഷമാണ് ഗൗരവതരമായ തിരച്ചില്‍ ആരംഭിച്ചത്.
ചൊവ്വാഴ്ച ആയിരുന്നു ദേശീയപാത 66ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണ് ഒഴുകിയിരുന്നു.ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയായതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു.