2024 പാരീസ് ഒളിംപിക്‌സിന് ശേഷം പ്രഖ്യാപിച്ച വിരമിക്കല്‍ തീരുമാനവുമായി മുന്നോട്ട് പോകുന്ന കാര്യത്തില്‍ സംശയിച്ച് ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്. വനിതകളുടെ 50 കിലോഗ്രാം ഗുസ്തിയുടെ ഫൈനലില്‍ അയോഗ്യത കല്‍പ്പിക്കപ്പെട്ടതോടെയായിരുന്നു ഫോഗട്ടിന്റെ പെട്ടെന്നുള്ള പ്രഖ്യാപനം.
100 ഗ്രാം ഭാരം കൂടിയതിന്റെ പേരിലുള്ള തിരിച്ചടി മനസ്സ് തകര്‍ത്തതോടെയാണ് തിടുക്കം പിടിച്ചുള്ള വിരമിക്കല്‍ തീരുമാനം വന്നത്. എന്നാല്‍ ഒളിംപിക്‌സ് വേദിയിലെ തിരിച്ചടിക്ക് ശേഷം രാജ്യം നല്‍കിയ പിന്തുണയാണ് ഇപ്പോള്‍ താരത്തിന് ഊര്‍ജ്ജമായി മാറുന്നത്.
ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായിരുന്നിട്ടും ഒരു മെഡലും ലഭിക്കാതെ നാട്ടില്‍ മടങ്ങിയെത്തിയ 29-കാരിക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ ആഘോഷപൂര്‍ണ്ണ വരവേല്‍പ്പാണ് രാജ്യം നല്‍കിയത്. ആരാധകര്‍ നല്‍കിയ പിന്തുണ വലുതാണെന്ന് ഫോഗട്ട് പറയുന്നു.
ഹരിയാനയിലെ ഗ്രാമത്തിലും വന്‍സ്വീകരണം ലഭിച്ചതോടെ വിരമിക്കല്‍ തീരുമാനവുമായി മുന്നോട്ട് പോകുന്ന കാര്യത്തില്‍ ഫോഗട്ട് കണ്‍ഫ്യൂഷനില്‍ നില്‍ക്കുകയാണ്.