ബെഡ്ഫോര്‍ഡ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയിലെ ബെഡ്‌ഫോര്‍ഡ് കേന്ദ്രമായുള്ള സെന്റ് അല്‍ഫോന്‍സാ മിഷനില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി സ്തുത്യര്‍ഹമായ നിലയില്‍ അജപാലന സേവനം അനുഷ്ഠിക്കുകയും, സെന്റ് അല്‍ഫോന്‍സാ കമ്മ്യൂണിറ്റിയെ മിഷന്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുകയും ചെയ്ത എബിന്‍ നീറുവേലില്‍ അച്ചന്‍ സ്ഥലം മാറി പോകുന്ന വേളയില്‍ ഇടവകയുടെ നേതൃത്വത്തില്‍ അച്ചന് ഹൃദ്യമായ യാത്രയയപ്പു നല്‍കും.
ഇതോടൊപ്പം ബെഡ്ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സാ മിഷനില്‍ ഇടവക വികാരിയായി ചാര്‍ജ് എടുക്കുന്ന ഫാ. എല്‍വിസ് ജോസ് കോച്ചേരി MCBS നു തഥവസരത്തില്‍ ഊഷ്മള സ്വീകരണം ഒരുക്കുന്നതുമാണ്.
ഫാ. എല്‍വിസ് കോച്ചേരി MCBS നിലവില്‍ എപ്പാര്‍ക്കിയല്‍ മീഡിയ കമ്മീഷന്‍ ചെയര്‍മാനും, ലെസ്റ്റര്‍ റീജണല്‍ കോര്‍ഡിനേറ്ററുമാണ്. എല്‍വിസ് അച്ചന്‍ കെറ്ററിംഗ് & നോര്‍ത്താംപ്ടണ്‍ മിഷനുകളില്‍ അജപാലന ശുശ്രുഷ ചെയ്തുവരികയായിരുന്നു.
ബെഡ്‌ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സാ മിഷന്റെ ആല്മീയ തലത്തിലുള്ള സമഗ്ര വളര്‍ച്ചയ്ക്കു നേതൃത്വം വഹിച്ച ഫാ. എബിന്‍, പ്രശസ്ത ധ്യാനഗുരുവും, വിന്‍സന്‍ഷ്യല്‍ സഭാംഗവുമാണ്. കെറ്ററിംഗ് & നോര്‍ത്താംപ്ടണ്‍ മിഷന്റെ അജപാലന ശുശ്രുഷ എബിന്‍ അച്ചന്‍ ഏറ്റെടുക്കും.
ബെഡ്‌ഫോര്‍ഡില്‍ അസിസ്റ്റന്റ് പാരീഷ് പ്രീസ്റ്റ് എന്ന നിലയില്‍ സേവനം അനുഷ്ടിക്കുകയും, മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ എബിന്‍ അച്ചനെ സഹായിക്കുകയും ചെയ്തു വന്നിരുന്ന ജോബിന്‍ കൊശാക്കല്‍ അച്ചനും എബിന്‍ അച്ചനോടൊപ്പം ബെഡ്‌ഫോര്‍ഡില്‍ നിന്നും മാറുകയാണ്. സഭ ഏല്പിച്ചിരിക്കുന്ന പുതിയ ദൗത്യം ഇരുവൈദികരും ഉടനെ ഏറ്റെടുക്കും. എബിന്‍ അച്ചന്റേയും ജോബിന്‍ അച്ചന്റേയും സ്ഥലം മാറ്റം മിഷനെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണെന്നും, അവരുടെ പുതിയ ദൗത്യത്തില്‍ എല്ലാവിധ അനുഗ്രഹങ്ങളും, ആശംസകളും, പ്രാര്‍ത്ഥനകളും നേരുന്നതായും പള്ളിക്കമ്മിറ്റി അറിയിച്ചു.
സെപ്റ്റംബര്‍ 22 നു ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമൂഹബലിക്കു ശേഷം 6:30 ന് പാരിഷ് ഹാളില്‍ ഇടവകാംഗങ്ങള്‍ ഒത്തുചേര്‍ന്ന് യാത്രയയപ്പ്-സ്വീകരണ ചടങ്ങുകള്‍ നടത്തും. സ്നേഹവിരുന്നും ക്രമീകരിക്കുന്നുണ്ട്.
Appachan Kannanchira