ബിര്‍മിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് ദൈവാനുഗ്രഹത്തിന്റെയും അവിസ്മരണീയമായ ഓര്‍മ്മകളുടെയും ചരിത്ര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച സുകൃത ദിനങ്ങള്‍ ആയിരുന്നു മാര്‍ത്തോമാ ശ്ലീഹായുടെ പിന്‍ഗാമിയും സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മാര്‍ റാഫേല്‍ ശ്രേഷ്ഠ മെത്രാപ്പോലീത്തായുടെ അജപാലന സന്ദര്‍ശനം.
2024 സെപ്റ്റംബര്‍ 12 ന് റാംസ്‌ഗേറ്റിലുള്ള ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് രൂപത വൈദിക കൂട്ടായ്മയെ അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിച്ച അജപാലന സന്ദര്‍ശനം സെപ്റ്റംബര്‍ ഇരുപത്തിയെട്ടാം തീയതി ലീഡ്‌സ് റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനില്‍ സന്ദേശം നല്‍കികൊണ്ട് അദ്ദേഹം സമാപിപ്പിച്ചു.
ഇതിനിടയില്‍ രൂപതയുടെ മാര്‍ യൗസേപ്പ് അജപാലന ഭവനത്തിന്റെ ആശീര്‍വാദ കര്‍മ്മം, ഗ്രേറ്റ് ബ്രിട്ടനിലെ പേപ്പല്‍
ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് മിഗ്വേല്‍ മൗറി, വെസ്റ്റ് മിനിസ്റ്റര്‍ ആര്‍ച്ച് ബിഷപ്പ് കാര്‍ഡിനല്‍ വിന്‍സന്റ് നിക്കോള്‍സ്, ബെര്‍മിംഹാം ആര്‍ച്ച്ബിഷപ്പ് ബര്‍ണാഡ് ലോങ്ങിലി, വിവിധ ലത്തീന്‍ രൂപതാ ധ്യക്ഷന്മാര്‍ തുടങ്ങിയവരുമാ മായുള്ള കൂടിക്കാഴ്ചകള്‍, 17 പുതിയ മിഷന്‍ ഉദ്ഘാടനങ്ങള്‍, 5 ഇടവക സന്ദര്‍ശനങ്ങള്‍, യുവജന സംഗമം- ഹന്തൂസാ, വനിതാ സംഗമം- ഥൈബൂസാ, വിശ്വാസ പരിശീലന വര്‍ഷ ഉദ്ഘാടനം, തുടങ്ങി നിരവധി വേദികളിലാണ് അദ്ദേഹം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ വിശ്വാസികളുടെ കൂട്ടായ്മകളുമായി സംവദിച്ചത്.
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ യൗസേപ്പ് സ്രാമ്പിക്കലിന്റെ കൃത്യമായ മേല്‍നോട്ടത്തിലും നേതൃത്വത്തിലു മായിരുന്നു സഭാ തലവന്റെ അജപാലന സന്ദര്‍ശനം പൂര്‍ത്തിയായത്.
18 ദിവസങ്ങളിലായി 29 വേദികളില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ വിശ്വാസികളോട് മാര്‍ റാഫേല്‍ തട്ടില്‍ വലിയ മെത്രാപ്പോലീത്താ പറഞ്ഞത് ഇങ്ങനെ സംഗ്രഹിക്കാം:
സഭ മിശിഹായുടെ ശരീരമാണ്, അവന്റെ തുടര്‍ച്ചയാണ്. കൂട്ടായ്മയും സമര്‍പ്പണവും കൂട്ടുത്തരവാദത്തോടുകൂടിയുള്ള പ്രവര്‍ത്തനവും വഴി സഭയെ ശക്തിപ്പെടുത്താന്‍ ഓരോ വിശ്വാസിക്കും കടമയും ഉത്തരവാദിത്വവും ഉണ്ട്.
പ്രവാസികള്‍ പ്രേഷിതര്‍ കൂടിയാണ് ' സാമ്പത്തികമായ മെച്ചപ്പെട്ട ജീവിതത്തിനു വേണ്ടി മാത്രമല്ല മറിച്ച് മഹത്തായ ക്രൈസ്തവ വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും സന്ദേശവാഹകര്‍ കൂടിയാണ് ഓരോ പ്രവാസിയും. പ്രവാസ ഭൂമിയിലെ തങ്ങളുടെ പ്രേക്ഷിത നിയോഗത്തെ അവര്‍ മറക്കാന്‍ പാടില്ല,
മാര്‍ത്തോമാ ശ്ലീഹായില്‍ നിന്ന് കൈമാറി കിട്ടിയ ശ്ലൈഹീക പാരമ്പര്യത്തിന്റെ ഒരു ഘടകവും നഷ്ടപ്പെടുത്താതെ സൂക്ഷിക്കാനും ജീവിക്കാനും കൈമാറാനും നമുക്ക് കടമയുണ്ട്. സീറോ മലബാര്‍ സഭാംഗങ്ങള്‍ എന്ന നിലയിലും പൗരസ്ത്യ സുറിയാനി പൈതൃകത്തിന്റെ സൂക്ഷിപ്പുകാര്‍ എന്ന നിലയിലും മാര്‍ത്തോമാ മാര്‍ഗത്തിലൂടെ ചരിക്കുന്നവര്‍ എന്ന നിലയിലും നമുക്ക് ചരിത്രത്തിലും വര്‍ത്തമാന കാലത്തിലും ഭാവിയിലും ഉള്ള പ്രാധാന്യവും ഉത്തരവാദിത്വവും ഓര്‍മിക്കുകയും വരും തലമുറകളെ പഠിപ്പിക്കുകയും ചെയ്യേണ്ടത് ഓരോ പ്രവാസിയുടെയും കടമയാണ്.
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ യുവജനസംഗമം - ഹന്തൂസാ -2024 ല്‍ പങ്കെടുത്തുകൊണ്ട് യുവജനങ്ങളിലുള്ള സഭയുടെ വലിയ പ്രതീക്ഷ അദ്ദേഹം വെളിപ്പെടുത്തി. സഭയുടെ മുഴുവന്‍ വിഭവങ്ങളും സാധ്യതകളും യുവജന ശുശ്രൂഷയ്ക്ക് വേണ്ടിയും അവരെ ചേര്‍ത്തുനിര്‍ത്തുന്നതിന് വേണ്ടിയും ഉപയോഗിക്കേണ്ടതാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും മനസ്സിലാകും വിധത്തിലും അവര്‍ക്ക് പങ്കുചേരാന്‍ കഴിയുന്ന പോലയും സഭാ ശൈലികള്‍ രൂപവല്‍ക്കരിക്കണമെന്ന് ശ്രേഷ്ഠമെത്രാപ്പോലീത്ത ഓര്‍മിപ്പിച്ചു. യുവജനങ്ങള്‍ സഭയുടെ പൈതൃകത്തെക്കുറിച്ചും തങ്ങളുടെ വേരുകളെക്കുറിച്ചും അറിയുകയും അഭിമാനപൂര്‍വ്വം ആ പൈതൃകം ജീവിക്കുകയും ചെയ്യേണ്ടതാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
ഥൈബുസാ 2024 - ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വനിതാ സംഗമത്തില്‍ സഭാ ശരീരത്തെ പരിപോഷിപ്പിക്കുന്നതില്‍ സ്ത്രീകള്‍ വഹിച്ച ചരിത്രപരമായ ഭാഗദേയത്തെ അദ്ദേഹം എടുത്തു പറഞ്ഞു. സുവിശേഷകാലം മുതല്‍ മിശിഹായോടും ശ്ലൈഹീക നേതൃത്വത്തോടും ചേര്‍ന്ന് സ്ത്രീകള്‍ നടത്തിയ ആര്‍ദ്രമായ സഹയാത്രയുടെ ഫലമാണ് സഭയുടെ വളര്‍ച്ചയെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ദീപ്തമായ വിശ്വാസത്തിന്റെയും പൗരാണിക പാരമ്പര്യത്തിന്റെയും തുടര്‍ച്ച ധീരരായ ക്രൈസ്തവ വനിതകളിലൂടെ സംഭവിക്കണമെന്നും വിശ്വാസം ജീവിക്കുകയും വരും തലമുറകളിലേക്ക് കൈമാറുകയും ചെയ്യാനുള്ള ജാഗ്രത ഓരോ നസ്രാണി വനിതയും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ധീരരായ ക്രൈസ്തവ സ്ത്രീകള്‍ നേഴ്‌സിംഗ് തുടങ്ങിയ പ്രൊഫഷനുകള്‍ ഏറ്റെടുക്കുകയും പ്രവാസികളാകാന്‍ ധൈര്യം കാണിക്കുകയും ചെയ്തതിന്റെ പരിണിതഫലമാണ് കേരളത്തിനും സുറിയാനി സമുദായത്തിനും ഉണ്ടായ വളര്‍ച്ചയും പുരോഗതിയും എന്ന് എടുത്തു പറഞ്ഞുകൊണ്ട് ക്രൈസ്തവ വനിതകള്‍ക്ക് രാഷ്ട്ര നിര്‍മിതിയിലും സാമൂഹ്യ പുരോഗതിയിലുമുള്ള സുപ്രധാനമായ സ്ഥാനത്തെ അദ്ദേഹം ഓര്‍മിപ്പിച്ചു.
2024 സെപ്റ്റംബര്‍ 11ന്ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ടില്‍ ആരംഭിച്ച് സെപ്റ്റംബര്‍ 28ന്
മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ അവസാനിപ്പിച്ച സന്ദര്‍ശനത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ഒരൊറ്റത്ത് നിന്ന് മറ്റൊരു അറ്റത്തേക്ക് മാര്‍ത്തോമാ ശ്ലീഹായുടെ അതേ പ്രേക്ഷിത തീക്ഷണതയോടെ, അജഗണങ്ങളോടുള്ള അഗാധമായ സ്‌നേഹ വായ്‌പോടെ ശ്രേഷ്ഠമെത്രാപോലിത്താ യാത്ര ചെയ്തു. അദ്ദേഹത്തിന്റെ യാത്രയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ യൗസേപ്പ് സ്രാമ്പിക്കല്‍ പിതാവ് വേണ്ട ക്രമീകരണങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിക്കൊണ്ട് അദ്ദേഹത്തെ അനുഗമിച്ചു. രൂപതയിലെ വൈദിക ഗണത്തെയും സമര്‍പ്പിത കൂട്ടായ്മയേയും വിശ്വാസി സമൂഹത്തെയും ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും വിശ്വാസത്തിന്റെ കൂട്ടായ്മയില്‍ ഉറച്ചുനില്‍ക്കാന്‍ ഉദ് ബോധിപ്പിക്കുകയും ചെയ്തശ്രേഷ്ഠ മെത്രാ പോലീത്താ 2016 ഒക്ടോബര്‍ 9 ാം തീയതിഉദ്ഘാടനം ചെയ്യപ്പെട്ട ഗ്രേറ്റ് ബ്രിട്ടന്‍ രൂപത കഴിഞ്ഞ എട്ടു വര്‍ഷങ്ങള്‍ കൊണ്ട് നേടിയ അല്‍ഭുതാവഹമായ വളര്‍ച്ചയയും ആരാധനക്രമത്തിലും വിശ്വാസകാര്യങ്ങളിലും കൈവരിച്ച കൃത്യതയയും അച്ചടക്കത്തെയും ഹൃദയപൂര്‍വ്വം പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.
മാര്‍ത്തോമാ മാര്‍ഗ്ഗത്തിന്റെ മക്കള്‍ എന്ന തങ്ങളുടെ വ്യക്തിത്വവും സുറിയാനി ഭാഷയുടെ അനന്യതയും ഏത് ദേശത്തും ഏതു കാലഘട്ടത്തിലും കാലഘട്ടത്തിലും ഉയര്‍ത്തിപ്പിടിക്കാനും അതില്‍ അഭിമാനിക്കാനും വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചുകൊണ്ട് വലിയ മെത്രാപ്പോലീത്ത അദ്ദേഹത്തിന്റെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത അജപാലന സന്ദര്‍ശനം പൂര്‍ത്തിയാക്കി. സഭാതലവന്റെ സാന്നിധ്യവും സന്ദര്‍ശനവും സാന്നിധ്യവും സുവിശേഷ സന്ദേശവും വിശുദ്ധ കുര്‍ബാനയും വിശ്വാസികളില്‍ വര്‍ദ്ധിതമായ ആവേശവും ആത്മീയ ഉണര്‍വും കൂട്ടായ്മയുമാണ് ഉളവാക്കിയിട്ടുള്ളതെന്നും രൂപതാ കേന്ദ്രത്തില്‍ നിന്നും ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പി ആര്‍ ഓ റെവ ഡോ ടോം ഓലിക്കരോട്ട് അറിയിച്ചു .
ഷൈമോന്‍ തോട്ടുങ്കല്‍