യുകെയിലെ കുടിയേറ്റ തൊഴിലാളികളുടെ ആദ്യത്തെ സംഘടനായ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസ്സോസിയേഷന്റെ ദേശീയ സമ്മേളനം ,സംഘടനയുടെ എക്കാലത്തെയും പ്രിയപ്പെട്ട നേതാക്കളില്‍ ഒരാളായ സീതാറാം യെച്ചൂരിയുടെ പേര് നല്‍കിയ ലെസ്റ്ററിലെ ഭഗത്സിംഗ് വെല്‍ഫെയര്‍ സെന്റ്ററില്‍ വച്ച് നടന്നു. കോളനി ഭരണത്തിനും സാമ്രാജ്യത്വത്തിനും എതിരെ അടിയുറച്ച നിലപാട് എടുത്തുകൊണ്ട് 1938ല്‍ രൂപം കൊണ്ട സംഘടനയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെ അടയാളപ്പെടുത്തികൊണ്ട് പ്രസിഡണ്ട് ദയാല്‍ ബാഗ്രി സമ്മേളനം ഉത്ഘാടനം ചെയ്തു. അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ജനറല്‍ സെക്രട്ടറി ഹര്‍സെവ് ബൈന്‍സ്, SFI UK പ്രതിനിധി നൂപുര്‍ പലിവാല്‍, മലയാളികളുടെ പുരോഗമന സാംസ്‌കാരിക സംഘടന പ്രതിനിധി ജോസെന്‍ ജോസ് തുടങ്ങിയവര്‍ സമ്മേളനത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു.
സാമൂഹിക നീതിക്കും,സാമ്പത്തിക നീതിക്കും വേണ്ടി നിരന്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതോടൊപ്പം തന്നെ ഇന്ത്യക്കാര്‍ക്ക് പുറമെ മറ്റിതര കുടിയേറ്റ ജനവിഭാഗങ്ങളുമായി സാംസ്‌കാരികമായി അടുപ്പം കാത്തു സൂക്ഷിക്കാനും, അതിന്റെ ഭാഗമായി വംശീയ ഉള്ളടക്കത്തിലുള്ള ഇമ്മിഗ്രേഷന്‍ നിയമങ്ങള്‍ക്കും, വര്‍ഗ്ഗീയ/വംശീയ അതിക്രമങ്ങള്‍ക്കുമെതിരെ യോജിച്ച പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും IWA GB മുന്‍കൈ എടുത്തു വരുന്നുണ്ട്.
മുന്‍പ് ഒരേ രാജ്യത്തിന്റെ ഭാഗമായിരിക്കുകയും,പില്‍ക്കാലത് കോളനി ഭരണത്തിന്റെ ഒരു ബാക്കി പത്രം എന്ന നിലയില്‍ വിഭജിക്കപ്പെട്ട് പാകിസ്താനിലും,ബംഗ്ലാദേശിലും ആയിപ്പോയ സഹോദരങ്ങളാണ് നമ്മള്‍ എന്ന് അഭിസംബോധന ചെയ്തു കൊണ്ട് പാകിസ്താനി സുഹൃത്തുക്കളുടെ, അവാമി വര്‍ക്കേഴ്‌സ് പാര്‍ട്ടി അദ്ധ്യക്ഷന്‍ പര്‍വേസ് ഫതഹ് സമ്മേളനത്തിന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു. പാകിസ്ഥാനില്‍ കര്‍ഷക സംഘവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും രൂപീകരിക്കുന്നതില്‍ IWA യുടെ എക്കാലത്തെയും പ്രധാന മാര്‍ഗദര്‍ശി ഹര്‍കിഷന്‍ സിങ് സുര്‍ജിത് വഹിച്ച പങ്കിനെപ്പറ്റിയെല്ലാം അദ്ദേഹം വാചാലനായി. ബംഗ്ലാദേശ്,പാക്കിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളിലെ വര്‍ക്കേഴ്‌സ് സംഘടനകളെ കൂട്ടിച്ചേര്‍ത്തു കൊണ്ട് IWA യുടെ കൂടി പങ്കാളിത്തത്തില്‍ സൗത്ത് ഏഷ്യന്‍ പീപ്പിള്‍സ് ഫോറം രൂപീകരിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച സീതാറാം യെച്ചൂരിയുടെ പേര് നല്‍കിയ ഹാളില്‍ ചേര്‍ന്ന ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ദേശീയ സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കാന്‍ കഴിഞ്ഞത് ചരിത്രപരമായ ഒരു അവസരമായി കാണുന്നു എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
UK യിലെ ട്രേഡ് യൂണിയനുകളുടെ ഒരു സംയുക്ത കൂട്ടായ്മ, ജനറല്‍ ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് (GFTU)ജനറല്‍ സെക്രട്ടറി ഗവെയ്ന്‍ ലിറ്റില്‍ ,അദ്ദേഹത്തിന് നേരിട്ട് എത്തിച്ചേരാന്‍ കഴിയാത്തതു മൂലം വീഡിയോ സന്ദേശം വഴിയാണ് സമ്മേളനത്തിന് അഭിവാദ്യങ്ങള്‍ അറിയിച്ചത്.ട്രേഡ് യൂണിയനുകള്‍ യോജിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും, വരും ദിനങ്ങളില്‍ UK യില്‍ സംഭവിക്കാന്‍ പോകുന്ന
സമരപ്രക്ഷോഭ പരിപാടികളെ പറ്റിയുമെല്ലാം അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ സംസാരിച്ചു. അതേ തുടര്‍ന്ന്, ട്രേഡ് യൂണിയന്റെ സങ്കേതത്തിനു പുറത്തു നില്‍ക്കുന്ന IWA പോലുള്ള കുടിയേറ്റ തൊഴിലാളികളുടെ സംഘടന GFTU ല്‍ അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കണം എന്ന് സമ്മേളനത്തില്‍ പ്രതിനിധികള്‍ പൊതുവായി ആവശ്യപ്പെട്ടു.
UK യുടെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന സമ്മേളന പ്രതിനിധികള്‍ക്ക് മുന്നില്‍ സെക്രട്ടറി ലിയോസ് പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.പ്രതിനിധികളുടെ വിപുലവും ക്രിയാത്മകവുമായ ചര്‍ച്ചകള്‍ക്ക് ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ട് സമ്മേളനം അംഗീകരിച്ചു. തുടര്‍ന്ന്, ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം സ്ഥാനം ഒഴിയുന്ന, IWA യുടെ മുതിര്‍ന്ന അംഗവും പ്രസിഡണ്ടുമായ ദയാല്‍ ബാഗ്രി സമ്മേളനം നിയന്ദ്രിച്ചു പോന്ന പ്രസീഡിയത്തിന്റെ അനുമതിയോടു കൂടി അടുത്ത 2 വര്‍ഷക്കാലത്തേക്കുള്ള ഭാരവാഹികളുടെയും സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും ഒരു പാനല്‍ അവതരിപ്പിച്ചു. ഐക്യകണ്ഠമായി പാനല്‍ സമ്മേളന പ്രതിനിധികള്‍ അംഗീകരിച്ചു.വൈസ് പ്രസിഡണ്ടായിരുന്ന ഹര്‍സെവ് ബൈന്‍സ് പ്രസിഡണ്ടായി ചുമതലയേറ്റു. ലിയോസ് പോള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തു തുടരും.വൈസ് പ്രസിഡണ്ടുമാരായി ശ്രീകുമാര്‍ ,അശ്വതി റെബേക്ക അശോക് എന്നിവരും, അസിസ്റ്റന്റ് സെക്രട്ടറിയായി പ്രിയ രാജനെയും, ട്രെഷറര്‍ ആയിട്ട് അവതാര്‍ സിങ്ങിനെയും, വിമന്‍സ് കോര്‍ഡിനേറ്റര്‍ ആയിട്ട് പ്രീത് ബൈന്‍സിനെയും, മെമ്പര്‍ഷിപ് മീഡിയ വിഭാഗം കൈകാര്യം ചെയ്യുന്ന കോര്‍ഡിനേറ്റര്‍ ആയിട്ട് വിശാല്‍ ഉദയകുമാറിനെയും സമ്മേളനം തിരഞ്ഞെടുത്തു. രജീന്ദര്‍ ബൈന്‍സ്, ബല്‍ക്കാര്‍ ധാംറൈറ്റ്, സുനില്‍ മലയില്‍, ജോസന്‍ ജോസ്, സജീര്‍ നൂഹ് മുഹമ്മദ്,ആഷിക് മുഹമ്മദ് നാസ്സര്‍,ഹര്‍ജിന്‍ഡര്‍ ഡോസാന്‍ജ്, ലിനു വര്‍ഗീസ്,ജോസ് പി സി ,ജയപ്രകാശ് മറയൂര്‍ ജോസഫ് ടി ജോസഫ് എന്നിവര്‍ അടങ്ങിയ 11 അംഗ സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെ കാലമായി ഗാസയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയില്‍ ഇതിനോടകം തന്നെ 46000ത്തില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ 75 ശതമാനത്തില്‍ അധികവും സ്ത്രീകളും കുട്ടികളും ആണ്. ഇത്തരമൊരു ഭീകരാക്രമണത്തിനെ യുദ്ധമെന്നും, സംഘര്‍ഷമെന്നും വിളിക്കരുതെന്നും, അടിയന്തിരമായി വെടിനിര്‍ത്തല്‍ ഉണ്ടാകണം എന്നും, സമാധാനം പുനഃസ്ഥാപിക്കണം എന്നും, സ്വതന്ത്ര പരമാധികാര ഫലസ്തീന്‍ രാജ്യം രൂപീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകളായി അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ക്യൂബയുടെ മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം ക്യൂബന്‍ ജനതയുടെ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവും ആയിട്ടുള്ള പുരോഗതിയെ തടഞ്ഞു വെക്കുകയാണ്. ആത്മാഭിമാനത്തോട് കൂടിയുള്ള ക്യൂബന്‍ ജനതയുടെ ജീവിതത്തെ നിഷേധിക്കുന്ന പ്രവര്‍ത്തിയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഉപരോധം മൂലം കഷ്ടത അനുഭവിക്കുന്ന ക്യൂബന്‍ ജനതയെ രാഷ്ട്രീയമായി ചൂഷണം ചെയ്യുന്ന നടപടി സാമ്രാജ്യത്ത ശക്തികള്‍ അവസാനിപ്പിക്കണം എന്നും, ഉപരോധം ഉടനടി നീക്കം ചെയ്ത് ക്യൂബന്‍ ജനതയുടെ സ്വതത്ര ജീവിതം പുനഃസ്ഥാപിക്കണം എന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
1938 ല്‍ സംഘടന രൂപം കൊണ്ട അന്നു മുതല്‍ ഉന്നയിക്കപ്പെടുന്ന 'ജാലിയന്‍വാല ബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഔദ്യോഗികമായി മാപ്പ് പറയുക,ബ്രിട്ടീഷ് കൊളോണിയല്‍ ചരിത്രം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക'എന്ന ആവശ്യം കൂടുതല്‍ ശക്തമായി ഉന്നയിക്കുക.വര്‍ഗ്ഗീയതക്കും വംശീയതക്കും എതിരെ ശക്തമായി നില കൊള്ളുക, കുടിയേറ്റ വിരുദ്ധ നീക്കങ്ങള്‍ക്കെതിരായി സംയുക്ത പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുക, സാമൂഹിക നീതിക്കും സാമ്പത്തിക നീതിക്കും വേണ്ടി അടിയുറച്ചു നില കൊള്ളുക എന്നീ അടിസ്ഥാന തീരുമാനങ്ങളെ ആവര്‍ത്തിച്ചു വ്യക്തമാക്കിക്കൊണ്ടും,'സര്‍വ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍' എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടും സമ്മേളനം ഔപചാരികമായി അവസാനിച്ചു.