കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.
മലപ്പുറം സ്വദേശി ദേവാനന്ദന്‍, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ്, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍ എന്നിവരാണ് മരിച്ചതെന്ന് എഡിഎം ആശ സി എബ്രഹാം പറഞ്ഞു.
പത്ത് പേരാണ് കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്. കായംകുളം രജിസ്‌ട്രേഷനിലുള്ളതാണ് വാഹനം. കാലാവസ്ഥ മൂലം കാഴ്ചപരിധി കുറഞ്ഞിട്ടുണ്ടാകാം. കാര്‍ അമിത വേഗത്തിലായിരുന്നില്ല എന്നാണ് നിഗമനമെന്നും ആര്‍ടിഓ പറഞ്ഞു.
കാര്‍ റോഡിലെ വെള്ളക്കെട്ടില്‍ തെന്നി നിയന്ത്രണം വിട്ട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പരിക്കേറ്റവരെ ആലപ്പുഴ ജില്ലാ ആശുപത്രി, വണ്ടാനം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
അതേസമയം, 12 മണിയോടെ വിദ്യാര്‍ത്ഥികളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും. ശേഷം വണ്ടാനം മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെക്കും.