തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുകാരിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പീഡനങ്ങളെന്ന് വെളിപ്പെടുത്തല്‍. ശിശുക്ഷേമ സമിതിയില്‍ ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാര്‍ സ്ഥിരമായി ഉപദ്രവിക്കുമെന്നും ജനനേന്ദ്രിയത്തില്‍ ഉപദ്രവിക്കുന്നത് പതിവ് കാഴ്ചയാണെന്നും മുന്‍ ആയ പറയുന്നു.
പരാതി പറയുന്ന ആയമാര്‍ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും അധികാരികളോട് പ്രശ്നം പറഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും പേര് പറയാന്‍ ആഗ്രഹമില്ലാത്ത മുന്‍ ആയ പറയുന്നു. കേസില്‍ ഇപ്പോള്‍ പ്രതികള്‍ ആയവര്‍ മുന്‍പും കുറ്റം ചെയ്തവരാണ്. താത്കാലികമായി ഇവരെ മാറ്റിയാലും പുനര്‍നിയമനം നടക്കുകയാണ് പതിവെന്നും മാസങ്ങള്‍ക്ക് മുന്‍പ് വരെ ശിശുക്ഷേമ സമിതിയില്‍ ജോലി ചെയ്ത ആയ പറഞ്ഞു.
അച്ഛനും അമ്മയും മരിച്ച കുഞ്ഞ് ഒന്നരയാഴ്ച മുന്‍പാണ് ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലെത്തുന്നത്. ഒപ്പം സഹോദരിയായ അഞ്ചുവയസുകാരിയുമുണ്ട്. കിടക്കയില്‍ കുഞ്ഞ് സ്ഥിരമായി മൂത്രമൊഴിച്ചതാണ് ആയയെ പ്രകോപിപ്പിച്ചത്. കുഞ്ഞിന് ഒരു പണി കൊടുത്തുവെന്ന രീതിയിലാണ് ആയമാര്‍ പലയിടത്തും വെച്ച് സംഭവത്തെ കുറിച്ച് സംസാരിച്ചത്. കുട്ടിയെ ഉപദ്രവിച്ചെന്ന് വ്യക്തമായിട്ടും അത് കേട്ട് സന്തോഷിച്ചതല്ലാതെ ഉപദ്രവം തടയാനോ റിപ്പോര്‍ട്ട് ചെയ്യാനോ ഒപ്പമുണ്ടായിരുന്ന സിന്ധുവും മഹേശ്വരിയും തയ്യാറായില്ല.
ഒരാഴ്ചയോളം വിവരം ഇവര്‍ മറച്ചുവെച്ചു. ഇതിനിടെ കുട്ടിയെ കുളിപ്പിച്ചതെല്ലാം പ്രതികളായിരുന്നത് കൊണ്ട് വിവരം പുറത്തുവരാന്‍ വൈകി. വേദനകൊണ്ട് കുട്ടി കരഞ്ഞുവെങ്കിലും പ്രതികള്‍ അനങ്ങിയില്ല. ആഴ്ച ഡ്യൂട്ടി മാറി പുതിയ ആയയാണ് കുളിപ്പിക്കുമ്പോള്‍ കുട്ടി നിലവിളിക്കുന്നത് ശ്രദ്ധിച്ചതാണ് നിര്‍ണായകമായത്. സ്വകാര്യ ഭാഗത്തെ മുറിവുകള്‍ അടക്കം അധികൃതരോട് റിപ്പോര്‍ട്ട് ചെയ്യുന്നതും ഈ ആയയാണ്.
പിന്‍ഭാഗത്തും കൈക്കും സ്വകാര്യഭാഗത്തും മുറിവുകളോടെയാണ് തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച കുഞ്ഞിനെ ചികിത്സക്കായി കൊണ്ടുപോയത്. അജിത കുട്ടിയുടെ സ്വകാര്യഭാഗത്ത് നഖംകൊണ്ട് മുറിവേല്പിക്കുകയായിരുന്നു. ശനിയാഴ്ച കുട്ടികളെ നോക്കാനെത്തിയ ഡോക്ടര്‍മാരോട് രണ്ടര വയസുകാരിയുടെ മുറിവ് പരിശോധിക്കാന്‍ സമിതി അധികൃതര്‍ ആവശ്യപ്പെട്ടു. മുതിര്‍ന്നവരുടെ നഖം കൊണ്ടുള്ള പാടുകളാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
തുടര്‍ന്ന് പോലീസിലും ജില്ലാ ബാലക്ഷേമ സമിതിയിലും വിവരമറിയിക്കുകയായിരുന്നു. ശരീരത്തിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ടിട്ടും മറ്റു രണ്ടുപേര്‍ മറച്ചുവെച്ചുവെന്നാണ് കേസ്. സംഭവത്തില്‍ 70 പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടിയെ ഉപദ്രവിച്ച വിവരം കുറ്റസമ്മത മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ കൈകൊണ്ട് അടിച്ചതിന് നേരത്തെയും ഇതേ പ്രതികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചുവെങ്കിലും ഇടതുരാഷ്ട്രീയ ബന്ധമുള്ള മൂന്നുപേരെയും വീണ്ടും ജോലിയിലെടുക്കുകയായിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.