കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ തുറന്ന കോടതിയില്‍ വിചാരണ വേണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി. കേസിന്റെ വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അതിജീവിത വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അതിജീവിതയുടെ ഹര്‍ജി തള്ളിയത്. കേസ് സംബന്ധിച്ച് വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ടെന്നും അതിനാല്‍ വിചാരണയുടെ വിശദാംശങ്ങള്‍ പുറത്തറിയുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും വ്യക്തമാക്കിയാണ് അതിജീവിത ഹര്‍ജി നല്‍കിയിരുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ഇതുവരെ വിസ്താരം നടന്നതെല്ലാം അടച്ചിട്ട കോടതിയിലായിരുന്നു. സാക്ഷിവിസ്താരവും പൂര്‍ത്തിയായതാണ്. അതിനാല്‍ അന്തിമഘട്ടത്തില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹവും അറിയേണ്ടതാണെന്നും സ്വകാര്യതയുടെ വിഷയങ്ങള്‍ ഇല്ലെന്നുമാണ് അതിജീവിത പറഞ്ഞത്.