ക്യാന്‍സര്‍ ചികിത്സയില്‍ സുപ്രധാനമാകുന്നത് രോഗം നേരത്തെ തിരിച്ചറിയുകയെന്നതാണ്. ഇത് പലപ്പോഴും സാധിക്കാതെ പോകുന്നതാണ് രോഗികളുടെ ജീവനെടുക്കുന്നത്. എന്നാല്‍ ക്യാന്‍സറിന് എതിരായ പോരാട്ടത്തില്‍ എന്‍എച്ച്എസ് സുപ്രധാനമായ തോതില്‍ മുന്നേറ്റം നടത്തുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ചികിത്സിക്കാന്‍ സാധിക്കുന്ന ഘട്ടത്തില്‍ തന്നെ തിരിച്ചറിയുന്ന ക്യാന്‍സറുകളുടെ എണ്ണത്തിലാണ് റെക്കോര്‍ഡ് വര്‍ദ്ധനവ് നേരിട്ടിരിക്കുന്നതെന്ന് എന്‍എച്ച്എസ് കണക്കുകള്‍ വ്യക്തമാക്കുന്നു. സാധാരണമായി കാണുന്ന 13 ട്യൂമറുകളില്‍ പത്തില്‍ ആറ് കേസുകളും സ്റ്റേജ് 1, 2 ഘട്ടങ്ങളില്‍ തന്നെ കണ്ടെത്താന്‍ കഴിയുന്നുണ്ടെന്ന് ഹെല്‍ത്ത് സര്‍വ്വീസ് വ്യക്തമാക്കി.
ഈ ഘട്ടത്തില്‍ രോഗം കണ്ടെത്തിയാല്‍ അത് ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നില്ലെന്ന് ഉറപ്പാക്കാന്‍ കഴിയും. കൂടാതെ ഈ ട്യൂമറുകള്‍ ഒഴിവാക്കാനും കഴിയും. ഇംഗ്ലണ്ടില്‍ 2023 സെപ്റ്റംബറിനും, 2024 ആഗസ്റ്റിനും ഇടയിലായി കണ്ടെത്തിയ 206,000 ക്യാന്‍സറുകളില്‍ ഏകദേശം 121,000 കേസുകളും നേരത്തെ കണ്ടെത്തിയവയാണ്.
ഒരു വര്‍ഷം മുന്‍പത്തെ 58 ശതമാനത്തില്‍ നിന്നും 59 ശതമാനത്തിലേക്കാണ് വര്‍ദ്ധന. ബ്ലാഡര്‍, ബ്രസ്റ്റ്, കിഡ്‌നി, ലംഗ്, ത്രോട്ട്, ഒവേറിയന്‍, പാന്‍ക്രിയാട്ടിക്, പ്രോസ്‌റ്റേറ്റ്, കുടല്‍, യൂട്ടറസ് ക്യാന്‍സറുകളും, ലിംഫോമ, മെലനോമ എന്നിവയും ഇതില്‍ പെടും.