അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പാര്‍ട് ടൈം ജോലി ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. നാടുകടത്തല്‍ ഭയന്നാണ് ജോലി ഉപേക്ഷിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എഫ്-1 വിസയിലുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസില്‍ ആഴ്ചയില്‍ 20 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ അനുവാദമുണ്ടായിരുന്നു. എങ്കിലും, വാടക, ചെലവ് എന്നിവയ്ക്കായി പല വിദ്യാര്‍ത്ഥികളും പലപ്പോഴും കാമ്പസിന് പുറത്തുള്ള റെസ്റ്റോറന്റുകള്‍, ഗ്യാസ് സ്റ്റേഷനുകള്‍ റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്നു.
ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ പാര്‍ട് ടൈം ജോലി ഉപേക്ഷിക്കുന്നത്. പഠനം പൂര്‍ത്തിയാകുന്നതുവരെ അമേരിക്കയില്‍ നില്‍ക്കുകയാണ് ഉദ്ദേശ്യമെന്നും വെല്ലുവിളിയേറ്റെടുക്കാന്‍ തയ്യാറല്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പലരും ലക്ഷങ്ങള്‍ വായ്പയെടുത്താണ് പഠിക്കാനെത്തിയത്. നിയമവിരുദ്ധമായി ജോലി ചെയ്യുന്ന വിദ്യാര്‍ഥികളെ കണ്ടെത്തിയാല്‍ പിടികൂടി തിരിച്ചയക്കുമെന്നതാണ് ഇവര്‍ നേരിടുന്ന ഭീഷണി. പാര്‍ട് ജോലി ഉപേക്ഷിക്കുന്നത് സാമ്പത്തികമായി തിരിച്ചടിയാണെങ്കിലും നിയമ തടസ്സമില്ലാതെ പഠനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.