ജീവിതം മുന്നോട്ട് തള്ളിനീക്കാന്‍ രാജ്യത്തിന്റെ സഹായം തേടുന്നവര്‍ ഒരുപക്ഷെ പ്രായമായവരും, വൈകല്യം ബാധിച്ചവരുമാണെങ്കില്‍ നമുക്ക് അംഗീകരിക്കാം. എന്നാല്‍ രാജ്യത്തെ മുതിര്‍ന്ന ജനങ്ങളില്‍ പകുതി പേരും ധനസഹായം മാത്രം ആശ്രയിച്ച് ജീവിതം തള്ളിനീക്കുന്നവരാണെങ്കില്‍ ഈ വിഷയം അത്ര എളുപ്പത്തില്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയുന്നതല്ല. ബ്രിട്ടന്റെ അവസ്ഥ ഏതാണ്ട് ഈ പറഞ്ഞതിന് തുല്യമാണ്.
ബ്രിട്ടനിലെ മുതിര്‍ന്നവരില്‍ പകുതിയിലേറെ പേരാണ് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ രാജ്യത്തെ ആശ്രയിക്കുന്നത്. ഈ പരാശ്രയ സ്വഭാവം ഒരു സംസ്‌കാരമായി മാറുകയും, വര്‍ദ്ധിക്കുകയും ചെയ്യുന്നുവെന്ന ആശങ്കകള്‍ക്കിടെയാണ് കണക്കുകള്‍ വ്യക്തത വരുത്തുന്നത്. നാലിലൊന്ന് മുതിര്‍ന്നവരാണ് ഇൗ പ്രകാരം ജീവിച്ച് പോകുന്നത്. അതായത് ഏകദേശം 12.6 മില്ല്യണ്‍ ജനങ്ങള്‍ ജീവിക്കാന്‍ സ്‌റ്റേറ്റ് പെന്‍ഷന്‍ വാങ്ങുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
52 ശതമാനത്തോളം പേര്‍ നേരിട്ടും, അല്ലാതെയും പൊതുമേഖലയുടെ ഗുണഭോക്താക്കളാണ്. 6.3 മില്ല്യണ്‍ ജനങ്ങളാണ് യൂണിവേഴ്‌സല്‍ ക്രെഡിറ്റിനെ ആശ്രയിക്കുന്നത്. 5.9 മില്ല്യണ്‍ പേര്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. 3 മില്ല്യണ്‍ യുവാക്കള്‍ വിദ്യാഭ്യാസത്തിനായി നികുതിദായകര്‍ ഫണ്ട് ചെയ്യുന്ന ലോണുകളെയും, ഗ്രാന്റുകളെയും ആശ്രയിക്കുന്നു.
ഹ്യൂമന്‍ റിസോഴ്‌സ്, പ്ലാനിംഗ് സെക്ടറുകളിലെ ജീവനക്കാരെയും സ്റ്റേറ്റ് റിലയന്‍സ് ഇന്‍ഡക്‌സിന്റെ ഭാഗമായി ആഡം സ്മിത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷകര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലേബര്‍ ഗവണ്‍മെന്റ് നടപ്പാക്കിയ പുതിയ ചുവപ്പുനാടകള്‍ വഴി 160,000 മുതിര്‍ന്നവര്‍ കൂടി രാജ്യത്തെ ആശ്രയിക്കുന്ന നിലയിലായെന്ന് ഗവേഷകര്‍ പറയുന്നു. ലേബര്‍ പരിഷ്‌കരണങ്ങള്‍ക്ക് പിന്നാലെ രാജ്യത്തെ തന്നെ പുനഃക്രമീകരിക്കേണ്ട അവസ്ഥ വന്നുവെന്നതിന് ഇത് പുതിയ തെളിവാണെന്ന് ടോറി നേതാവ് കെമി ബാഡെനോക് പറഞ്ഞു.