കുറുപ്പംപടി പീഡനക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ റിപ്പോര്‍ട്ടറിന്. അമ്മയും ആണ്‍ സുഹൃത്തും ചേര്‍ന്ന് പെണ്‍കുട്ടികള്‍ക്ക് നിരന്തരം മദ്യം നല്‍കിയിരുന്നുവെന്നും തുടര്‍ന്നായിരുന്നു ക്രൂര പീഡനമെന്നുമാണ് ലഭിക്കുന്ന വിവരം. ക്ലാസ് ടീച്ചറുടെ മൊഴിയിലും കുട്ടികളുടെ മൊഴികളിലും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. പെണ്‍കുട്ടികളുടെ അമ്മയെ ഇന്നലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇന്നലെ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ രാത്രിയോടെയായിരുന്നു അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അമ്മ കുറ്റസമ്മതം നടത്തിയിട്ടില്ലെങ്കിലും ആണ്‍ സുഹൃത്ത് പീഡിപ്പിക്കുന്നതിനെ കുറിച്ച് അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന കുട്ടികളുടെയും ക്ലാസ് ടീച്ചറുടെയും മൊഴി കേസില്‍ നിര്‍ണായകമായി. കഴിഞ്ഞദിവസം അറസ്റ്റിലായ ആണ്‍ സുഹൃത്ത് ധനേഷും മൂന്നുമാസമായി അമ്മയ്ക്ക് പീഡനത്തെ കുറിച്ച് അറിയാമായിരുന്നുവെന്ന് മൊഴി നല്‍കിയിട്ടുണ്ട്.
പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളെയാണ് ടാക്‌സി ഡ്രൈവറായ ധനേഷ് ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെയും ദുരുപയോഗം ചെയ്യാനുള്ള പ്രതിയുടെ ശ്രമമാണ് പീഡന വിവരം പുറത്തറിയാന്‍ കാരണമായത്. പ്രതി റിമാന്‍ഡിലാണ്.
പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതിയുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്നു വര്‍ഷം മുമ്പ് ഇവരുടെ പിതാവ് മരിച്ചിരുന്നു. പിതാവ് രോഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ധനേഷ്. പിതാവിന്റെ മരണശേഷം കുടുംബവുമായി കൂടുതല്‍ അടുത്ത ഇയാള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സ്ഥിരമായി വീട്ടിലെത്തുമായിരുന്നു.