CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 2 Minutes 34 Seconds Ago
Breaking Now

യുക്മ ചാരിറ്റിയ്ക്ക് പുതിയ നേതൃത്വം ; അലക്‌സ് വര്‍ഗീസ് യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍.....ഷാജി തോമസ് സെക്രട്ടറി

യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനായി അലക്‌സ് വര്‍ഗ്ഗീസ്, സെക്രട്ടറിയായി ഷാജി തോമസ് എന്നിവരെ നിയോഗിച്ചതായി  ദേശീയ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. യുക്മ  പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ ചെയര്‍മാനായ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ (UCF) പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യുക്മയുടെ പോഷക സംഘടനയായി പ്രവര്‍ത്തിച്ചുവരുന്നു. യുകെയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനയായ യുക്മ ചാരിറ്റി ഫൗണ്ടേഷനില്‍ യുക്മ ജനറല്‍ കൗണ്‍സിലില്‍ നിന്നുമുള്ള അംഗങ്ങളെയാണ്  യുക്മ ദേശീയ സമിതി യോഗം ചേര്‍ന്ന് ട്രസ്റ്റിമാരായി തിരഞ്ഞെടുക്കുകയും തുടര്‍ന്ന്  ഭാരവാഹികളെ തീരുമാനിക്കുകയും ചെയ്യുന്നത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ.എബി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ ആദ്യ യോഗത്തില്‍ വച്ചാണ് വൈസ് ചെയര്‍മാന്‍, സെക്രട്ടറി എന്നിവരെ ഐകകണ്ഡേന തീരുമാനിച്ചത്.  ബര്‍മിംങ്ഹാമില്‍ ചേര്‍ന്ന യുക്മ ദേശീയ സമിതി യോഗം യുക്മയുടെ പ്രധാനപ്പെട്ട പോഷക സംഘടനാ നേതൃത്വങ്ങളിലും സംഘടനയിലെ പ്രധാനപ്പെട്ട തസ്തികകളിലേക്കുമുള്ള നിയമനങ്ങള്‍ അംഗീകരിച്ചിരുന്നു. യു കെ മലയാളി സമൂഹത്തിന് കൂടുതല്‍ പ്രയോജനകരമാകുന്ന വിധത്തില്‍ യുക്മ ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അലക്‌സ് വര്‍ഗ്ഗീസിന്റെയും ഷാജി തോമസിന്റെയും പരിചയ സമ്പത്ത് പ്രയോജനകരമാകുമെന്ന് ദേശീയ സമിതി വിലയിരുത്തി. എബി സെബാസ്റ്റ്യന്‍, ജയകുമാര്‍ നായര്‍, അലക്‌സ് വര്‍ഗീസ്, ഷാജി തോമസ്, മനോജ് കുമാര്‍ പിള്ള, ഡോ.ബിജു പെരിങ്ങത്തറ, കുര്യന്‍ ജോര്‍ജ് എന്നിവരാണ് യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റിമാര്‍.

യുക്മ ചാരിറ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അലക്‌സ് വര്‍ഗ്ഗീസ്

യുക്മയുടെ സ്ഥാപന കാലഘട്ടം മുതല്‍ ഏറ്റവും കൂടുതല്‍ തവണ ദേശീയ കമ്മറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് അലക്‌സ് വര്‍ഗീസ്. യുക്മ ദേശീയ ജനറല്‍ സെക്രട്ടറി, യുക്മ നാഷണല്‍ കമ്മറ്റി അംഗം, രണ്ടുവട്ടം യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍, ദേശീയ ജോയിന്റ് ട്രഷറര്‍, ദേശീയ ജോയിന്റ് സെക്രട്ടറി, യുക്മ ന്യൂസ് മാനേജിംഗ് എഡിറ്റര്‍, യുക്മന്യൂസ് അസോസിയേറ്റ് എഡിറ്റര്‍, ദേശീയ ട്രഷറര്‍ തുടങ്ങിയ വിവിധ ഉത്തരവാദിത്തങ്ങള്‍ സംഘടനക്ക് വേണ്ടി നിര്‍വഹിച്ചിട്ടുള്ള അലക്‌സ് വിനയവും സൗമ്യതയും കൈമുതലാക്കിയ നേതാവാണ്. ഏത് പ്രതിസന്ധിയും അനായാസേന കൈകാര്യം ചെയ്യുന്നതിലുള്ള വൈദഗ്ദ്ധ്യമാണ് കൂടുതല്‍ ഉയര്‍ന്ന പദവികളിലേയ്ക്ക് അദ്ദേഹത്തെ എപ്പോഴും എത്തിക്കുന്നത്. മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനില്‍ (എം എം സി എ) രണ്ടു പ്രാവശ്യം പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയ ചുമതലകള്‍ കൂടി വഹിച്ച അലക്‌സ്, മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ ട്രസ്റ്റിയായും രണ്ടു ടേം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

അലക്‌സിന്റെ സംഘാടകപാടവത്തിന്റെ മകുടോദ്ദാഹരണമാണ് മാമ്മന്‍ ഫിലിപ്പ് നേതൃത്വം നല്‍കിയ ഭരണസമിതിയുടെ ഏറ്റവും അവസാന പരിപാടിയായി മാഞ്ചസ്റ്റര്‍ ഫോറം സെന്ററില്‍ സംഘടിപ്പിക്കപ്പെട്ട യുക്മ ദേശീയ കുടുംബ സംഗമം (യുക്മ ഫെസ്റ്റ്). മാഞ്ചസ്റ്ററിലെ മലയാളി സമൂഹം ഇന്നു വരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംഘടിപ്പിച്ച, അതിമനോഹരമായ ആ പരിപാടിയിലൂടെ യുക്മയുടെ ചരിത്രത്തിലെ ഏറ്റവും പ്രൗഢഗംഭീരമായ ചടങ്ങിനാണ് സംഘടന സാക്ഷ്യം വഹിച്ചത്. 

മനോജ് കുമാര്‍ പിള്ള പ്രസിഡന്റായ ദേശീയ സമിതി ആദ്യമായി മാഞ്ചസ്റ്റര്‍  പാര്‍സ് വുഡ് സ്‌കൂളിലെ ശ്രീദേവി നഗറില്‍ വച്ച് 2019 -ല്‍  സംഘടിപ്പിച്ച ദേശീയ കലാമേള വന്‍ വിജയമാക്കുന്നതിന് പിന്നില്‍  പ്രധാന ചുമതല വഹിച്ചത് ജനറല്‍ സെക്രട്ടറിയായിരുന്ന അലക്‌സ് വര്‍ഗീസാണ്. കേരളാ പോലീസ് ഉദ്യോഗസ്ഥനായിരുന്ന അലക്‌സ് പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിഥിന്‍ഷോ ഹോസ്പിറ്റല്‍ ലംങ്ങ് ക്യാന്‍സര്‍ ഡിപ്പാര്‍ട്ടന്റിലെ സ്‌പെഷ്യലിസ്റ്റ് നഴ്‌സാസായ ബെറ്റിമോള്‍ അലക്‌സ് ഭാര്യയാണ്. അനേഖ അലക്‌സ് (ബാങ്ക് ഓഫ് ന്യൂയോര്‍ക്ക്), കബഡി വേള്‍ഡ് കപ്പില്‍ വെയില്‍സ് ടീമിനെ പ്രതിനിധീകരിച്ച അഭിഷേക് അലക്‌സ് (നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി, ഹള്‍ - യോര്‍ക് മെഡിക്കല്‍ സ്‌കൂള്‍), ഏഡ്രിയേല്‍ അലക്‌സ് (ഇയര്‍ 8) എന്നിവര്‍ മക്കളാണ്.

 

യുക്മ ചാരിറ്റി ബോര്‍ഡ് സെക്രട്ടറി ഷാജി തോമസ് 

യുക്മ ചാരിറ്റി ബോര്‍ഡിന്റെ സെക്രട്ടറിയായി ഡോര്‍സെറ്റില്‍ നിന്നുള്ള ഷാജി തോമസിനെ യുക്മ ദേശീയ സമിതി നിയോഗിച്ചു. യുക്മയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യുക്മ ചാരിറ്റി ട്രസ്റ്റി ബോര്‍ഡംഗമായ ഷാജി തോമസ് യുക്മയുടെ ആരംഭകാലം മുതല്‍ സംഘടനയുടെ സന്തത സഹചാരിയാണ്. യുക്മ ദേശീയ വൈസ് പ്രസിഡന്റ്, ദേശീയ ട്രഷറര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുള്ള ഷാജി തോമസ് രണ്ട് തവണ ദേശീയ സമിതിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

യുക്മ ചാരിറ്റി ട്രസ്റ്റി ബോര്‍ഡംഗമാകുന്നതിന് മുന്‍പ് തന്നെ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും സഹകരിക്കുകയും ചെയ്തിട്ടുള്ള ഷാജി തോമസ് പുതിയ ചുമതല ഏറ്റെടുക്കുന്നത് ഏറെ താല്പര്യത്തോടെയാണ്. കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുക്മ മുണ്ടക്കയം കോരുത്തോട്ടില്‍ പണി കഴിപ്പിച്ച വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഷാജി തോമസായിരുന്നു. യുക്മ ദേശീയ സമിതി നിര്‍ദ്ദേശിച്ച സമയത്തിനുള്ളില്‍ ആ പ്രോജക്ട് പൂര്‍ത്തിയാക്കുവാന്‍ അദ്ദേഹം കാണിച്ച ശുഷ്‌കാന്തി സ്തുത്യര്‍ഹമായിരുന്നു.

ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ സ്ഥാപക പ്രസിഡന്റായ ഷാജി തോമസ് മുണ്ടക്കയം സ്വദേശിയാണ്. എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി ഹൈദരാബാദില്‍ ജോലി ചെയ്തിരുന്ന ഷാജി തോമസ് 2006 ലാണ് യുകെയിലേക്ക് കുടിയേറിയത്. ഷാജി തോമസിന്റെ ഭാര്യ ആന്‍സി ഡെപ്യൂട്ടി ഹോം മാനേജരായി ഡോര്‍സെറ്റിലെ നഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്യുന്നു. മകന്‍ ഫെബിന്‍ എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി മിനിസ്ട്രി ഓഫ് ഡിഫന്‍സില്‍ ജോലി ചെയ്യുന്നു. ഫെബിന്റെ ഭാര്യ ഡിമ്പിള്‍. മകള്‍ ഫേബ പഠനം പൂര്‍ത്തിയാക്കി ഹൈസ്‌കൂള്‍ ടീച്ചറായി ജോലി ചെയ്യുന്നു.

യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ പുതിയ ഭാരവാഹികളായി നിയമിതരായ അലക്‌സ് വര്‍ഗീസ്, ഷാജി തോമസ് എന്നിവരെ യുക്മ നാഷണല്‍ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, മുന്‍ പ്രസിഡന്റുമാരായ മനോജ് കുമാര്‍ പിള്ള, ഡോ.ബിജു പെരിങ്ങത്തറ, മുന്‍ ജനറല്‍ സെക്രട്ടറിയും നിലവിലെ പി ആര്‍ ഒയുമായ കുര്യന്‍ ജോര്‍ജ് എന്നിവര്‍ അഭിനന്ദിച്ചു.

 

കുര്യന്‍ ജോര്‍ജ്

(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍

 




കൂടുതല്‍വാര്‍ത്തകള്‍.