മാഞ്ചസ്റ്റര്‍, യുകെ - 29 മാര്‍ച്ച് 2025: മാഞ്ചസ്റ്റര്‍ നൈറ്റ്‌സ് ക്രിക്കറ്റ് ക്ലബ് 2025 സീസണിനായുള്ള ഔദ്യോഗിക ജേഴ്‌സി വിപുലമായ ചടങ്ങില്‍ പ്രകാശനം ചെയ്തു. മെറ്റ്രോക്കാര്‍ട്ട് ഹോള്‍സെയില്‍ ഫുഡ് ഡിസ്ട്രിബ്യൂഷന്‍സ് ഈ വര്‍ഷം ടീമിന്റെ ഔദ്യോഗിക സ്‌പോണ്‍സറാകുമെന്ന് പ്രഖ്യാപിച്ചു.
മാഞ്ചസ്റ്ററിലെ ഒരു പ്രത്യേക വേദിയില്‍ നടന്ന ചടങ്ങില്‍, മെറ്റ്രോക്കാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ഫാസിലും മാഞ്ചസ്റ്റര്‍ നൈറ്റ്‌സ് ക്ലബ് ചെയര്‍മാന്‍ ജിന്‍സും ചേര്‍ന്ന് പുതിയ ജേഴ്‌സി അനാവരണം ചെയ്തു. ക്ലബ് മാനേജ്‌മെന്റ് പ്രതിനിധികള്‍, ടീമംഗങ്ങള്‍, ക്ലബ് അനുഭാവികള്‍, മറ്റ് കായികപ്രമുഖര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
'മാഞ്ചസ്റ്റര്‍ നൈറ്റ്‌സ് പുതിയ സീസണിലേക്ക് ശക്തമായ തയ്യാറെടുപ്പിലാണ്. മെറ്റ്രോക്കാര്‍ട്ടുമായുള്ള ഈ സഹകരണം ക്ലബിന്റെ വളര്‍ച്ചക്കും കായികരംഗത്ത് ഉയര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കുന്നതിനും നിര്‍ണായകമാകും. ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' ക്ലബ് മാനേജ്‌മെന്റ് അറിയിച്ചു.
'യുകെയിലെ ക്രിക്കറ്റ് പരമ്പരയെ കൂടുതല്‍ ശക്തിപ്പെടുത്താനും പ്രാദേശിക കായിക സംഘങ്ങളെ പിന്തുണയ്ക്കാനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. മാഞ്ചസ്റ്റര്‍ നൈറ്റ്‌സുമായി കൈകോര്‍ക്കുന്നത് അതിന്റെ ഭാഗമാണ്. ഈ പങ്കാളിത്തം ദീര്‍ഘകാല സഹകരണത്തിനും ഉഭയകക്ഷി വിജയത്തിനും വഴിയൊരുക്കും,' മെറ്റ്രോക്കാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ഫാസില്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ സീസണ്‍ വിജയകരമായി തുടക്കമിടാന്‍ മാഞ്ചസ്റ്റര്‍ നൈറ്റ്‌സ് ഉയര്‍ന്ന പ്രതീക്ഷകളോടെ മുന്നേറുകയാണ്. പുതിയ ജേഴ്‌സിയോടെ, ടീം ഈ വര്‍ഷം മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നതില്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിയ്ക്കുന്നത്.