അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധം വിപണികളില്‍ കൊടുങ്കാറ്റ് വിതയ്ക്കുന്നു. യുകെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്നും ഒരാഴ്ച കൊണ്ട് ഏകദേശം 175 മില്ല്യണ്‍ പൗണ്ടാണ് അപ്രത്യക്ഷമായത്. പെന്‍ഷനുകളെയും, ലക്ഷക്കണക്കിന് ആളുകളുടെ സേവിംഗ്‌സിനെയും ഇത് സാരമായി ബാധിക്കും.
ട്രംപിന്റെ വ്യാപാര യുദ്ധം വിപണിയില്‍ തകര്‍ച്ചയ്ക്ക് കളമൊരുക്കിയതോടെ എഫ്ടിഎസ്ഇ 100 മഹാമാരിക്ക് ശേഷമുള്ള ഏറ്റവും കുത്തനെയുള്ള ഇടിവാണ് നേരിട്ടത്. വാള്‍സ്ട്രീറ്റ് മുതല്‍ ഏഷ്യന്‍ വിപണികളില്‍ വരെ ഇതിന്റെ ആഘാതം പ്രതിഫലിച്ചു. വ്യാപാര പങ്കാളികള്‍ക്ക് എതിരെ ട്രംപ് ചുങ്കം ചുമത്തിയതോടെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുള്ള സാധ്യതയും രൂപപ്പെടുന്നുണ്ട്.
അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കിടെ പെന്‍ഷന്‍ തുക എടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ വിരമിക്കല്‍ പദ്ധതിയെ ഈ അവസ്ഥ തകിടം മറിക്കുമെന്നാണ് അനലിസ്റ്റുകളുടെ മുന്നറിയിപ്പ്. ആഗോള വിപണികളില്‍ 4.4 ട്രില്ല്യണ്‍ പൗണ്ടിന്റെ നഷ്ടമാണ് നേരിട്ടത്. 'രക്തമൊഴുകും' എന്നാണ് വാള്‍സ്ട്രീറ്റ് വമ്പന്‍ ജെപി മോര്‍ഗന്റെ മുന്നറിയിപ്പ്.
ആഗോള സാമ്പത്തിക പ്രതിസന്ധിക്കുള്ള സാധ്യത 40 ശതമാനത്തില്‍ നിന്നും 60 ശതമാനത്തിലേക്ക് ഉയര്‍ന്നതായി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് പറയുന്നു. യുഎസിലേക്കുള്ള എല്ലാ ഇറക്കുമതിക്കും ട്രംപ് 10 ശതമാനം ബേസ്‌ലൈന്‍ താരിഫ് നിശ്ചയിച്ചിരിക്കുകയാണ്. ചില രാജ്യങ്ങള്‍ക്ക് 50 ശതമാനം വരെ ചുങ്കം പ്രഖ്യാപിച്ചത് ആഗോള വിപണികളില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചത്.
അമേരിക്കന്‍ പ്രഖ്യാപനത്തിന് തിരിച്ചടിയായി ബീജിംഗ് അമേരിക്കന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 34 ശതമാനം നികുതി പ്രഖ്യാപിച്ചു. രാജ്യത്തെ രണ്ട് വലിയ സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള വ്യാപാര യുദ്ധം സമ്പൂര്‍ണ്ണ വ്യാപാര യുദ്ധത്തിലേക്ക് വഴിമാറുമെന്നും ആശങ്കയുണ്ട്.