യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചുങ്കം ചുമത്തലും, അമേരിക്കന്‍ ഫസ്റ്റ് പോളിസിയും ചേര്‍ന്ന് ആഗോളവത്കരണത്തിന് അന്ത്യം കുറിയ്ക്കുമെന്ന് സുപ്രധാന പ്രഖ്യാപനം നടത്താന്‍ യുകെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 1991-ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ആരംഭിച്ച ആഗോളവത്കരണം അവസാനിക്കുന്നതായാണ് സ്റ്റാര്‍മര്‍ പ്രഖ്യാപിക്കുന്നത്.
ട്രംപ് പ്രഖ്യാപിച്ച അസാധാരണമായ 10 ശതമാനം ബേസ് റേറ്റുകള്‍ ആഗോള വിപണികളെ അനിശ്ചിതാവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് യുകെ പ്രധാനമന്ത്രി അസാധാരണ മാറ്റം പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ുഎസ് പ്രസിഡന്റ് നടത്തുന്ന സാമ്പത്തിക ദേശീയവത്കരണം താന്‍ മനസ്സിലാക്കുന്നുവെന്ന് സ്റ്റാര്‍മര്‍ അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപിന്റെ കടുത്ത നടപടികളെ അംഗീകരിക്കുന്നില്ലെങ്കിലും പുതിയ കാലത്തിന് തുടക്കമാകുമെന്നാണ് സമ്മതിക്കുന്നത്. 'ആഗോളവത്കരണം ഒരുപാട് ആളുകള്‍ക്ക് പ്രവര്‍ത്തിക്കുന്നില്ല. ഇതിന് വ്യാപാര യുദ്ധം ഒരു ഉത്തരമല്ല. വ്യത്യസ്തമായ പാത സൃഷ്ടിക്കാനുള്ള സാധ്യതയുണ്ടെന്നാണ് കാണിക്കേണ്ടത്', സ്റ്റാര്‍മര്‍ പറഞ്ഞു.
ട്രംപിന്റെ വ്യാപാര നിബന്ധനകള്‍ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുമ്പോള്‍ മത്സരം കടുക്കുമെന്ന് സ്റ്റാര്‍മര്‍ കരുതുന്നു. ഈ സാഹചര്യത്തില്‍ ഉത്പാദനം കൂട്ടാന്‍ രാജ്യങ്ങള്‍ സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കേണ്ടി വരും, പ്രധാനമന്ത്രി വിശ്വസിക്കുന്നു.