ബ്രിട്ടന്റെ പ്രധാന പ്രശ്‌നമാണ് അസുഖക്കാരുടെ എണ്ണം. അസുഖങ്ങളുടെ പേരുപറഞ്ഞ് ജോലിക്ക് പോകുന്നത് ഒഴിവാക്കുന്നത് സാമ്പത്തിക വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. ഡോക്ടര്‍മാരും, നഴ്‌സുമാരും നേരില്‍ പോലും കാണാതെ സിക്ക് നോട്ട് എഴുതിനല്‍കുന്നതും പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു. ഈ ഘട്ടത്തിലാണ് എന്‍എച്ച്എസ് ആരോഗ്യ പ്രവര്‍ത്തകരെ തെരുവിലിറക്കി ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ലേബര്‍ ഹെല്‍ത്ത് സെക്രട്ടറി പദ്ധതി തയ്യാറാക്കുന്നത്.
പ്രാദേശിക തലത്തിലുള്ള ഹെല്‍ത്ത് സര്‍വ്വീസ് ലഭ്യമാക്കി പ്രശ്‌നങ്ങളെ അടിസ്ഥാന തലത്തില്‍ തന്നെ ഒഴിവാക്കാനുള്ള മോഹങ്ങളെ കുറിച്ച് വെസ് സ്ട്രീറ്റിംഗ് നേരത്തെ സംസാരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈ മോഹം സഫലമാക്കാന്‍ അദ്ദേഹം ശ്രമം തുടങ്ങിയെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് പറയുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകള്‍ തോറും കയറിയിറങ്ങി രോഗങ്ങളെ നേരത്തെ തന്നെ കണ്ടെത്തുകയാണ് ഉദ്ദേശം. കമ്മ്യൂണിറ്റിയില്‍ തന്നെ മുഖ്യമായ പരിചരണം ലഭ്യമാക്കാനും ഇതുവഴി സാധിക്കുമെന്ന് സ്ട്രീറ്റിംഗ് കരുതുന്നു.
ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍ക്ക് 120 വീടുകളുടെ ബാച്ച് അനുവദിക്കുന്ന രീതിയിലാണ് പുതിയ മോഡല്‍. ഇതുവഴി ഇവര്‍ ഈ വീടുകളില്‍ പ്രതിമാസ സന്ദര്‍ശനങ്ങള്‍ നടത്തണം. ഇംഗ്ലണ്ടിലെ 25 മേഖലകളില്‍ ഈ സ്‌കീം പരീക്ഷണാടിസ്ഥാനത്തില്‍ നടത്താനാണ് പദ്ധതി. തൊഴിലില്ലായ്മ, കടമെടുപ്പ്, വിയോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ എന്‍എച്ച്എസിന് മേല്‍ സാമ്പത്തിക ബാധ്യതയായി പര്യവസാനിക്കുന്ന രീതി കുറയ്ക്കാനാണ് ഇത്.
സ്‌കീമിന്റെ ആദ്യ ട്രയല്‍സില്‍ ജനങ്ങള്‍ അമിതമായി എന്‍എച്ച്എസിനെ ഉപയോഗിക്കുന്നത് കുറയുന്നതിന്റെ ശുഭസൂചനകള്‍ ലഭ്യമായിട്ടുണ്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു. ജിപിമാരുടെ സമയം കവരുകയും, എ&ഇ ക്ലിനിക്കുകളെ കുരുക്കിലാക്കുകയും ചെയ്യുന്നത് ഈ പ്രശ്‌നങ്ങളാണെന്ന് സ്ട്രീറ്റിംഗ് ചൂണ്ടിക്കാണിച്ചു. ലണ്ടന്‍ വെസ്റ്റ്മിന്‍സ്റ്ററില്‍ നടപ്പാക്കിയ പൈലറ്റ് സ്‌കീം ആശുപത്രി അഡ്മിഷന്‍ 10 ശതമാനം കുറയ്ക്കാനും, എ&ഇ സന്ദര്‍ശനങ്ങള്‍ 7 ശതമാനം കുറയ്ക്കാനും സഹായിച്ചിരുന്നു.