ബലാത്സംഗത്തിനും, കുട്ടികളെ ലൈംഗിക പീഡനത്തിനും ഇരയാക്കിയെന്ന സംശയത്തില്‍ ലേബര്‍ എംപി അറസ്റ്റില്‍. നോര്‍ത്ത് ഈസ്റ്റ് സോമര്‍സെറ്റ് & ഹാന്‍ഹാമില്‍ നിന്നും ജേക്കബ് റീസ് മോഗിനെ തോല്‍പ്പിച്ച മുന്‍ ലേബര്‍ മന്ത്രി ഡാന്‍ നോറിസിനെയാണ് പോലീസ് നടത്തിയ റെയ്ഡിന് ശേഷം കസ്റ്റഡിയില്‍ എടുത്തത്. നോറിസിന്റെ പ്രോപ്പര്‍ട്ടിയില്‍ നിന്നും പോലീസ് ചില വസ്തുക്കള്‍ എടുത്ത് കൊണ്ട് പോകുകയും ചെയ്തിട്ടുണ്ട്.
നാഷണല്‍ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവെല്‍റ്റി ടു ചില്‍ഡ്രനില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറായി പരിശീലനം നേടിയിട്ടുള്ള നോറിസ് അധ്യാപകനുമായിരുന്നു. സംഭവത്തില്‍ ഇയാളെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. 20 വര്‍ഷത്തോളം മുന്‍പ് നടന്ന കുറ്റകൃത്യങ്ങളിലാണ് അറസ്റ്റ്. അതേസമയം ബലാത്സംഗ ആരോപണം അടുത്ത കാലത്ത് നടന്നതാണ്.
വെസ്റ്റ് ഓഫ് ഇംഗ്ലണ്ട് മെട്രോ മേയര്‍ കൂടിയാണ് 65-കാരനായ നോറിസ്. അടുത്ത മാസത്തെ ലോക്കല്‍ തെരഞ്ഞെടുത്തിന് ശേഷം ഈ സ്ഥാനം ഉപേക്ഷിക്കേണ്ടതാണ്. ക്രിമിനല്‍ കേസില്‍ അറസ്റ്റിലായതോടെ നോറിസിനെ കോമണ്‍സ് അധികൃതര്‍ അന്വേഷണ കാലയളവില്‍ പാര്‍ലമെന്റ് എസ്റ്റേറ്റില്‍ നിന്നും വിലക്കും.
കേവലം 5319 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നോറിസ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഉപതെരഞ്ഞെടുപ്പ് ഉണ്ടായാല്‍ ഫലം തിരിച്ചടിക്കുമെന്ന് കീര്‍ സ്റ്റാര്‍മര്‍ ആശങ്കപ്പെടുന്നു. ജേക്കബ് റീസ് മോഗാകട്ടെ കോമണ്‍സിലേക്ക് മടങ്ങിവരാമെന്ന പ്രതീക്ഷയിലാണ്.