ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയതിന് പിന്നാലെ അവതരിപ്പിച്ച ബജറ്റ് രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് 'ഇടിത്തീയായി' മാറിയെന്ന് ഏറെക്കുറെ വ്യക്തമായിരുന്നു. ഇതിന്റെ തോത് ദിവസം തോറും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ബജറ്റിന് ശേഷം ഓരോ ഒന്‍പത് മിനിറ്റിലും ഒരു ജോലിക്കാരെ വീതം എംപ്ലോയര്‍ ലേ-ഓഫ് നല്‍കി പുറത്ത് അയയ്ക്കുന്നതായാണ് പുതിയ കണ്ടെത്തല്‍.
ലേബര്‍ ഗവണ്‍മെന്റ് സമ്പദ് ഘടനയെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ക്കുകയാണ് ചെയ്തതെന്നാണ് ആരോപണം. എംപ്ലോയര്‍മാരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിച്ച് 25 ബില്ല്യണ്‍ പൗണ്ട് സ്വരൂപിക്കാനുള്ള ഗവണ്‍മെന്റ് പദ്ധതി വരും മാസങ്ങളില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടമാകാന്‍ കാരണമാകുമെന്നാണ് ബിസിനസ്സ് മേധാവികളുടെ മുന്നറിയിപ്പ്.
ഈ വര്‍ഷം തൊഴിലില്ലായ്മ 1.6 മില്ല്യണില്‍ തൊടുമെന്നാണ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി പ്രതീക്ഷിക്കുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ച 160,000 എന്ന നിരക്കിലും ഏറെ കൂടുതലാണ് ഇത്. ഒക്ടോബര്‍ ബജറ്റിന് ശേഷമുള്ള അഞ്ച് മാസത്തില്‍ 25,000 തൊഴിലുകള്‍ നഷ്ടമായെന്നാണ് കമ്പനി പ്രഖ്യാപനങ്ങള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമാകുന്നത്. ഇത് പ്രകാരം ഓരോ ഒന്‍പത് മിനിറ്റിലും ഒരു ജോലി നഷ്ടമായിട്ടുണ്ട്.
സെയിന്‍സ്ബറീസ്, ബിടി, സാന്‍ടാന്‍ഡര്‍ തുടങ്ങിയ പ്രധാന എംപ്ലോയര്‍മാരെല്ലാം ജോലികള്‍ വെട്ടിയിട്ടുണ്ട്. പ്രതിവര്‍ഷം മില്ല്യണ്‍ കണക്കിന് പൗണ്ട് നാഷണല്‍ ഇന്‍ഷുറന്‍സ് ബില്‍ ലഭിക്കുമെന്ന സാഹചര്യത്തിലാണ് ഈ വെട്ടിനിരത്തല്‍. ഇതിനെ 'ജോബ് ടാക്‌സ്' എന്നാണ് ടോറി നേതാവ് കെമി ബാഡെനോക് വിമര്‍ശിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തില്‍ ജോലിക്കാര്‍ക്ക് 11,000 പൗണ്ട് നഷ്ടമാണ് ഇത് വരുത്തിവെയ്ക്കുകയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.