ബര്‍മിംഗ്ഹാമിലെ ബിന്‍ തൊഴിലാളികളുടെ പണിമുടക്ക് കടുത്ത പ്രതിസന്ധിയിലേക്ക്. ചൂടേറിയ കാലാവസ്ഥ വന്നതോടെയാണ് പ്രതിസന്ധി കൂടുതല്‍ മോശമാകുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നഗരത്തിലെ മാലിന്യ സമരം തെരുവുകളില്‍ 170,000 ടണ്‍ മാലിന്യം കുമിഞ്ഞ് കൂടാനാണ് വഴിയൊരുക്കിയത്.
മാലിന്യം ശേഖരിക്കുന്ന ജോലികള്‍ കുറയ്ക്കാനും, ശമ്പളം വെട്ടിച്ചുരുക്കാനുമുള്ള ലേബര്‍ നേതൃത്വത്തിലുള്ള ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സിലിന്റെ തീരുമാനത്തിന് എതിരെയാണ് ആഴ്ചകളായി ജീവനക്കാര്‍ സമരം നടത്തുന്നത്. ഏറെ നാളായി നിലനില്‍ക്കുന്ന തര്‍ക്കത്തിനൊടുവില്‍ മാര്‍ച്ച് 11 മുതലാണ് യുണറ്റ് യൂണിയന്‍ സമരം ആരംഭിച്ചത്.
പൊതുജനാരോഗ്യത്തിന് തന്നെ ഭീഷണിയാകുന്ന സാഹചര്യത്തില്‍ സംഭവം ഗുരുതരമാണെന്ന് സിറ്റി കൗണ്‍സില്‍ പ്രഖ്യാപിക്കുകയും ചെയ്തു. വരുന്ന ആഴ്ചയില്‍ കാലാവസ്ഥ 21 സെല്‍ഷ്യസിലേക്ക് ഉയരുന്നതോടെ അസുഖങ്ങള്‍ പടരാനുള്ള സാധ്യതയാണ് ഉയരുന്നത്. പൂച്ചയുടെ വലുപ്പത്തിലുള്ള എലികളാണ് തെരുവുകളില്‍ ഓടിനടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇവ അസുഖങ്ങള്‍ പരത്താന്‍ ഇടയാക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. വന്യമൃഗങ്ങളുടെ മൂത്രത്തില്‍ നിന്നും വ്യാപിക്കുന്ന ബാക്ടീരിയല്‍ ഇന്‍ഫെക്ഷനായ വീല്‍സ് ഡിസീസ് പോലുള്ളവ വ്യാപിക്കുമെന്നാണ് ആശങ്ക. ചൂടേറിയ കാലാവസ്ഥയില്‍ ഇത് വേഗത്തില്‍ പടരുകയും ചെയ്യും. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി പാപ്പരായ ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ 'എലി നികുതി' വര്‍ദ്ധിപ്പിക്കാനും ആലോചിക്കുന്നു. മുന്‍പ് സൗജന്യമായിരുന്ന പെസ്റ്റ് കണ്‍ട്രോള്‍ ചെയ്യാനാണ് ജനങ്ങളുടെ കൈയില്‍ നിന്നും 24 പൗണ്ട് പിടിച്ചുവാങ്ങുന്നത്. ഇത് 26.40 പൗണ്ടായി ഉയര്‍ത്താനാണ് ഇപ്പോള്‍ ആലോചന.