അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ചുങ്കം ചുമത്തല്‍ ആഗോള തലത്തില്‍ വ്യാപകമായ അലയൊലികളാണ് സൃഷ്ടിക്കുന്നത്. ബ്രിട്ടനില്‍ ചെറിയ തോതില്‍ ഏര്‍പ്പെടുത്തിയ ചുങ്കം പോലും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയാണ്. എന്നിരുന്നാലും ഈ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ നികുതി വര്‍ദ്ധനവുകള്‍ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി.
എന്നിരുന്നാലും കൂടുതല്‍ കടമെടുപ്പും, ചെലവുചുരുക്കലും മറുഭാഗത്ത് തകൃതിയായി അരങ്ങേറും. ഇന്‍കം ടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിങ്ങനെയുള്ള മൂന്ന് പ്രധാന വരുമാന ശ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
ആഗോള വ്യാപാര യുദ്ധത്തിനാണ് യുഎസ് പ്രസിഡന്റ് തിരികൊളുത്തുന്നതെന്ന ആശങ്കയില്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ രക്തചൊരിച്ചില്‍ രൂക്ഷമാണ്. ബ്രിട്ടന്റെ വളര്‍ച്ചാ നിലവാരത്തെ ഭീഷണിപ്പെടുത്തുന്ന നിലയിലാണ് കാര്യങ്ങള്‍. സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റില്‍ ഉണ്ടായിരുന്ന 10 ബില്ല്യണ്‍ പൗണ്ടിന്റെ വേദിയും പൊളിഞ്ഞ മട്ടാണ്.
ഈ അവസ്ഥയില്‍ കൂടുതല്‍ നികുതി ഈടാക്കാതെ ഗവണ്‍മെന്റിന് നിലനില്‍ക്കാന്‍ സാധിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പ്രധാന നികുതികളൊന്നും കൂട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി പറയുന്നു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നികുതികള്‍ വര്‍ദ്ധിപ്പിക്കില്ലെന്നാണ് നിലപാട്.
സാമ്പത്തിക വളര്‍ച്ച കൈവരിച്ച് ചെലവഴിക്കാനുള്ള പണം കണ്ടെത്തുമെന്നായിരുന്നു ലേബര്‍ വാഗ്ദാനം. എന്നാല്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ബജറ്റ് അവതരണത്തോടെ മുരടിക്കുകയാണ് ചെയ്തത്.