നിയമപരമായ കുടിയേറ്റം നിയന്ത്രിക്കുന്നതില്‍ ബ്രിട്ടീഷ് ക്യാബിനറ്റില്‍ ഭിന്നത്. കഴിഞ്ഞ നവംബറിലാണ് ഇമിഗ്രേഷന്‍ ബ്ലൂപ്രിന്റ് പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ മാസങ്ങള്‍ പിന്നിടുമ്പോഴും ഇക്കാര്യത്തില്‍ നടപടി വരുന്നില്ല. 2023 നെറ്റ് മൈഗ്രേഷന്‍ 906,000 എന്ന റെക്കോര്‍ഡ് തൊട്ടതോടെയാണ് നടപടി അനിവാര്യമായി മാറിയത്.
ഈസ്റ്ററിന് മുന്‍പ് പദ്ധതി അവതരിപ്പിക്കുമെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ മേയില്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇത് തല്‍ക്കാലം അവതിരിപ്പിക്കേണ്ടെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ മാറിയിരിക്കുന്നത്. വിദേശ ഗ്രാജുവേറ്റുകളുടെ എണ്ണം കുറയ്ക്കുന്ന കാര്യത്തില്‍ ഹോം ഓഫീസും, എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും തമ്മിലടിക്കുന്നതാണ് പ്രധാന പ്രതിസന്ധി.
ഉയര്‍ന്ന സ്‌കില്ലുകള്‍ ആവശ്യമുള്ള ജോലികള്‍ ഇല്ലാതെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് തുടരാന്‍ അനുമതി വേണ്ടെന്നാണ് ഹോം സെക്രട്ടറി വെറ്റ് കൂപ്പറിന്റെ നിലപാട്. ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകള്‍ തിരിച്ചടിക്കുമ്പോള്‍ ബിസിനസ്സുകള്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കാനും മന്ത്രിമാര്‍ ആലോചിക്കുന്നുണ്ട്.
എന്നാല്‍ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കുന്നില്ലെന്ന ആരോപണങ്ങളെ ഡൗണിംഗ് സ്ട്രീറ്റ് തള്ളി. മൈഗ്രേഷന്‍ മാനംമുട്ടെ ഉയര്‍ന്ന് ഗുരുതരമായ നിലയിലാണ്. മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് ഇത് മൂന്നിരട്ടി ഉയര്‍ന്നു. സിസ്റ്റം കൃത്യമാക്കാനുള്ള പദ്ധതി ഒരുക്കാനാണ് തയ്യാറെടുക്കുന്നത്, സ്റ്റാര്‍മറുടെ വക്താവ് പറഞ്ഞു.