സ്‌നാപ്പ് ചാറ്റിനിടെ കാര്‍ ഡ്രൈവ് ചെയ്ത റെമീസ അഹമ്മദ് രണ്ടുവര്‍ഷം മുമ്പ് ജീവന്‍ നഷ്ടമാക്കിയത് മലയാളി വിദ്യാര്‍ത്ഥിയായ ആതിരയുടേതാണ്. അപകടത്തിന് പിന്നാലെ വീണ്ടും വാഹനം വേഗത്തിലോടിച്ച് 40 കാരനായ ബ്രിട്ടീഷ് പൗരന്‍ ജീവച്ഛവമായി കിടക്കുകയാണ്.കാരണക്കാരിയായ യുവതിയ്ക്ക് ലീഡ്‌സ് ക്രൗണ്‍ കോടതി 9 വര്‍ഷം കഠിന തടവ് വിധിച്ചിരിക്കുകയാണ്.
ലീഡ്‌സില്‍ 2023 ഫെബ്രുവരി 22നു നടന്ന അപകടത്തില്‍ യൂണിവേഴ്‌സിറ്റിയില്‍ പോകാന്‍ ബസ് കാത്തുനില്‍ക്കവെയാണ് പ്രോജക്റ്റ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനി ആയിരുന്ന ആതിര മരണമടഞ്ഞത്. അതിവേഗതയാണ് അപകടത്തിന് കാരണം. കാര്‍ ഓടിക്കുന്നതിനിടെ യുവതി സ്‌നാപ് ചാറ്റുപയോഗിച്ചത് പൊലീസിന് വ്യക്തമായി. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദം നടത്തിയത്. 20 മൈല്‍ വേഗ പരിധിയുള്ള നഗരത്തില്‍ റെമീസ കാര്‍ ഓടിച്ചത് 40 മൈല്‍ വേഗതയില്‍ ആയിരുന്നു .
അപകടം ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ആതിരയെ വാഹനമോടിക്കുമ്പോള്‍ റെമീസയ്ക്ക് കാണാമായിരുന്നു. എന്നാല്‍ ശക്തമായ ബ്രേക്ക് പോലും റെമീസ പിടിച്ചിരുന്നില്ല. താനറിയാതെ ആക്സിലേറ്റര്‍ അമര്‍ന്നതാണ് വേഗത വര്‍ധിക്കാന്‍ കാരണമെന്നാണ് റെമീസ പോലീസിന് നല്‍കിയ മൊഴി. താന്‍ ആക്സിലേറ്റര്‍ പെഡലില്‍ നോക്കിയ സമയം തന്നെ അപകടം ഉണ്ടായി എന്നും ഇവര്‍ പോലീസിനെ ധരിപ്പിച്ചിരുന്നു. അതിനാല്‍ തനിക്ക് ഒന്നും ചെയ്യാനാകും മുന്‍പേ അപകടം സംഭവിച്ചു എന്നായിരുന്നു റെമീസയുടെ മൊഴി.
ജയില്‍ നിന്നും ഇറങ്ങിയാലും രണ്ടു വര്‍ഷത്തേക്ക് വീണ്ടും ഡ്രൈവ് ചെയ്യാന്‍ റെമീസയ്ക്ക് സാധിക്കില്ല. ഈ യുവതിക്ക് വീണ്ടും ഡ്രൈവ് ചെയ്യണമെങ്കില്‍ ലൈസന്‍സ് ടെസ്റ്റ് നടത്തേണ്ടി വരും.കുഞ്ഞിനേയും ഭര്‍ത്താവിനേയും യുകെയിലേക്ക് കൊണ്ടുവരാന്‍ കാത്തിരിക്കേയാണ് ആതിര മരണമടഞ്ഞത്. യുകെയിലെത്തി ഒന്നര മാസത്തിനുള്ളിലാണ് ആതിര അപകടത്തില്‍ മരിച്ചത്.