CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 20 Minutes 31 Seconds Ago
Breaking Now

ഇനി പരിശുദ്ധ മാതാവിന്റെ ഹൃദയത്തില്‍ ; അന്ത്യാഭിലാഷം പോലെ പോപ്പ് ഫ്രാന്‍സിസിന് സെന്റ് മേരി മേജര്‍ ബസലിക്കയില്‍ അന്ത്യവിശ്രമം; റോമിലെ പുരാതന മേഖലകള്‍ കടന്ന്, 1.5 ലക്ഷത്തോളം വിശ്വാസികള്‍ ദര്‍ശിച്ച അവസാന യാത്ര; അന്ത്യനിദ്ര സാധാരണ കല്ലറയില്‍

കല്ലറയില്‍ പോപ്പ് ആവശ്യപ്പെട്ടത് പോലെ 'ഫ്രാന്‍സിസ്‌കസ്' എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്

വാക്കുകളും, പ്രവൃത്തിയും ഒരുപോലെയാകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പല പ്രമുഖരും പ്രസംഗത്തില്‍ പറയുന്നതൊന്നും സ്വന്തം ജീവിതത്തില്‍ പാലിക്കുന്ന പതിവില്ല. എന്നാല്‍ ആത്മീയതയിലൂടെ ലോകത്തെ പുനര്‍നിര്‍നിര്‍മ്മിക്കാനുള്ള ദൗത്യം ഏറ്റെടുത്ത കാത്തോലിക്കാ സഭയുടെ വലിയ ഇടയന്‍ മൃദുവായ സമീപനങ്ങളിലൂടെ, കര്‍ശനമായ മാറ്റങ്ങളിലൂടെ സ്വന്തം ജീവിതത്തെ ലോകത്തിന് ഉപയോഗപ്രദമാക്കി മാറ്റിക്കൊണ്ടാണ് വിടവാങ്ങുന്നത്. 

കാരുണ്യത്തിന്റെ വഴിയിലൂടെ വിപ്ലവം സാധ്യമാണെന്ന് തെളിയിച്ചാണ് പോപ്പ് ഫ്രാന്‍സിസ് അന്ത്യവിശ്രമത്തിലേക്ക് പോയത്. തെരുവുകളില്‍ അണിനിരന്ന 150,000-ഓളം വിശ്വാസികളെയും, ലോകനേതാക്കളെയും സാക്ഷിനിര്‍ത്തിയാണ് ഒരു നൂറ്റാണ്ടിനിടെ വത്തിക്കാന് പുറത്ത് അടക്കം ചെയ്യുന്ന ആദ്യ പോപ്പായി മാറിക്കൊണ്ട് സാന്റാ മരിയാ മാഗിയോര്‍ ബസലിക്കയിലാണ് അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കിയത്. 

കര്‍ദിനാള്‍ കെവിന്‍ ഫാരെല്‍ നയിച്ച ചടങ്ങിന് ശേഷമാണ് റോമിലെ ബസലിക്കയില്‍ സാധാരണ കല്ലറയില്‍ പോപ്പ് ഫ്രാന്‍സിസിന് അന്ത്യനിദ്ര പ്രദാനം ചെയ്തത്. കല്ലറയില്‍ പോപ്പ് ആവശ്യപ്പെട്ടത് പോലെ 'ഫ്രാന്‍സിസ്‌കസ്' എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. 

പുരാതന റോമിലെ ചരിത്രാവശിഷ്ടങ്ങള്‍ക്കിടയിലൂടെ നടന്ന ഘോഷയാത്രയ്ക്ക് ഒന്നരലക്ഷത്തോളം പേര്‍ സാക്ഷികളായി. വത്തിക്കാനില്‍ ഫ്യൂണറല്‍ മാസ് പൂര്‍ത്തിയായ ശേഷമായിരുന്നു ഈ യാത്ര. ഈസ്റ്റര്‍ ഞായറാഴ്ചയായിരുന്നു പോപ്പ് ഫ്രാന്‍സിസിന്റെ ദേഹവിയോഗം. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ കണ്ടതിന് ശേഷമായിരുന്നു 88-കാരനായ പോപ്പിന്റെ വിടവാങ്ങല്‍. 

ബസലിക്കയില്‍ പോപ്പിന്റെ ശവമഞ്ചം ഏതാനും നിമിഷം പൗളിന്‍ ചാപ്പലിന്റെ പ്രവേശനകവാടത്തില്‍ നിര്‍ത്തി. മേരി സാലസ് പോപ്പുലി റൊമാനിയുടെ ശില്‍പ്പത്തെ അഭിമുഖീകരിച്ച ശേഷമാണ് കല്ലറയിലേക്ക് ശവമഞ്ചം എത്തിച്ചത്. 

ഓര്‍ഡോ എസെക്വേറിയം റൊമാനി പോണ്ടിഫിക്‌സ് പ്രകാരമാണ് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത്. കര്‍ദിനാള്‍ കാമെര്‍ലെംഗോ കെവിന്‍ ഫാരെലിന്റെ അധ്യക്ഷതയില്‍ കാലം ചെയ്ത പോപ്പിന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് അന്ത്യകര്‍മ്മങ്ങള്‍ നടന്നത്. 

സഫ്രോസ ചാപ്പലിനും, പോളീന്‍ ചാപ്പലിനും ഇടയിലുള്ള ഭാഗത്താണ് പോപ്പ് ഫ്രാന്‍സിസിന്റെ അന്ത്യവിശ്രമം. പോപ്പ് തന്റെ ജീവിതകാലം മുഴുവന്‍ വിശ്വസിച്ചിരുന്ന  പരിശുദ്ധ മാതാവിന്റെ ഹൃദയത്തോട് ചേര്‍ന്നാണ് ഇനി അന്ത്യവിശ്രമം. 




കൂടുതല്‍വാര്‍ത്തകള്‍.