ലണ്ടനിലെ പ്രശസ്തമായ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഇസ്ലാമിക യാഥാസ്ഥിതികന്‍ മതനിന്ദ ആരോപിച്ച് മറ്റൊരു വ്യക്തിക്കെതിരെ ഫത്വ രീതിയില്‍ വധഭീഷണി മുഴക്കിയതിന് സസ്‌പെന്‍ഷനിലായി. സ്വാധീനമുള്ള ഇമാം കൂടിയായ 39-കാരന്‍ ഒമര്‍ അബ്ദുള്ള മന്‍സൂറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
മുഹമ്മദിനെ അപമാനിച്ചെന്ന് ആരോപിച്ച് മറ്റൊരു മുസ്ലീമിനെതിരെയാണ് ഇയാള്‍ വധശിക്ഷ പ്രഖ്യാപിച്ച് ഫത്വ ഇറക്കിയത്. ആയിരക്കണക്കിന് വരുന്ന തന്റെ ഫോളോവേഴ്‌സിന് മുന്നിലായിരുന്നു പ്രഖ്യാപനം. ബ്രിട്ടനില്‍ ഇത്ര പരസ്യമായി മതനിന്ദ ആരോപണത്തില്‍ ഒരു പുരോഹിതന്‍ വധഭീഷണി മുഴക്കുന്നത് ആദ്യമായാണ്.
കൊല്ലുമെന്ന ഭീഷണി വന്നതോടെ യൂറോപ്പിലെ ഒരു രാജ്യത്ത് ഒളിവില്‍ കഴിയുകയാണ് ഇര. ഇത്തരം അനാചാരങ്ങള്‍ക്ക് ബ്രിട്ടനില്‍ സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കേണ്ട ബ്രിട്ടീഷ് പോലീസിന്റെ നിലപാട് അതിലേറെ ഖേദകരമാണ്. യുകെയിലേക്ക് വരുന്നത് അപകടകരമാണെന്നാണ് ഇരയോട് ബ്രിട്ടീഷ് പോലീസ് നല്‍കുന്ന ഉപദേശം. ഒരു ദുഃസ്വപ്‌നം പോലുള്ള അവസ്ഥയാണ്, എപ്പോഴും ജീവന്‍ നഷ്ടമാകുമെന്ന് ഭയന്നാണ് കഴിയുന്നത്, ഫത്വ നേരിടുന്ന ഇര മെയിലിനോട് പറഞ്ഞു.
എന്നാല്‍ താന്‍ വധഭീഷണി മുഴക്കിയിട്ടില്ലെന്നും, മതനിന്ദയ്ക്ക് ഇസ്ലാമിക ശിക്ഷ എന്താണെന്ന് പറയുക മാത്രമാണ് ചെയ്തതെന്നുമാണ് ഇപ്പോള്‍ മന്‍സൂറിന്റെ ന്യായീകരണം. ജോലി ചെയ്യുന്ന സെന്റ് തോമസ് ഹോസ്പിറ്റലില്‍ നിന്ന് ഉള്‍പ്പെടെ ഇയാള്‍ മതപരമായ വീഡിയോകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സൊമാലിയന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ നോര്‍ത്ത് ലണ്ടനില്‍ ഭാര്യക്കും, മക്കള്‍ക്കും ഒപ്പമാണ് കഴിയുന്നത്. ജോലി സ്ഥലത്ത് വളരെ സൗമ്യനായി പ്രത്യക്ഷപ്പെടുന്ന ഇയാള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ മറ്റൊരു മുഖമാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
വിദ്വേഷം വിളമ്പുന്ന വീഡിയോകളും, ലൈവ് ബ്രോഡ്കാസ്റ്റുകളുമാണ് മന്‍സൂര്‍ തന്റെ വിവിധ അക്കൗണ്ടുകളിലൂടെ വിളമ്പുന്നത്. അന്വേഷണവിധേയമായി മന്‍സൂറിനെ സസ്‌പെന്‍ഡ് ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. യുകെയില്‍ ഇരുന്ന് ഇസ്ലാമിസ്റ്റുകള്‍ മതനിന്ദ നടത്തുന്നവര്‍ക്ക് വധശിക്ഷ പുറപ്പെടുവിക്കുന്നത് ഭയാനകമാണെന്ന് നാഷണല്‍ സെക്യൂലര്‍ സൊസൈറ്റി പറഞ്ഞു. പോലീസും, തീവ്രവാദ വിരുദ്ധ അധികൃതരും ഇത്തരം ഭീഷണികള്‍ ഗുരുതരമായി കണക്കാക്കണം, ഇവരെ നിയമത്തിന് മുന്നിലെത്തിക്കണം, അവര്‍ ആവശ്യപ്പെട്ടു.