കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് സ്ഥാനത്തേക്ക് ഒരു വനിത, അതും ഇറാനില്‍ പിറന്ന് യുകെയില്‍ അഭയാര്‍ത്ഥിയായി എത്തിയ ഒരു വ്യക്തി എത്താന്‍ സാധ്യത തെളിയുന്നു. 13-ാം വയസ്സില്‍ യുകെയില്‍ അഭയാര്‍ത്ഥിയായി എത്തിയ റിട്. റവ. ഗുലി ഫ്രാന്‍സിസ് ദെഹ്ഖാനിയാണ് ഇപ്പോള്‍ ജസ്റ്റിന്‍ വെല്‍ബിയുടെ പിന്‍ഗാമിയായി ഈ പദവിയിലേക്കുള്ള മത്സരത്തില്‍ മുന്നില്‍ എത്തിയിരിക്കുന്നത്.
നിലവില്‍ ചെംസ്‌ഫോര്‍ഡ് ബിഷപ്പായ റവ. ഫ്രാന്‍സിസ് ദെഹ്ഖാനിയാണ് ബുക്കികളുടെ പട്ടികയില്‍ പിന്‍ഗാമിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ 1428 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതയെ മേധാവിയായി ചിന്തിക്കുന്നത് പോലും.
തെരഞ്ഞെടുക്കപ്പെട്ടാല്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ 106-ാമത് ആത്മീയ നേതാവായി ഇവര്‍ മാറും. ഇറാനിലെ മതപീഡനങ്ങളില്‍ നിന്നും രക്ഷപ്പെടാനായി കുടുംബത്തോടൊപ്പം യുകെയിലെത്തിയതാണ് ഇവരുടെ ക്രിസ്തീയ കുടുംബം. 1970-കളിലെ കടുത്ത ഇസ്ലാമിക ഭരണത്തിന് കീഴിലെ പീഡനങ്ങളില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു ഈ കുടുംബം.
1999-ല്‍ തിരുവസ്ത്രം സ്വീകരിച്ച ഡോ. ഫ്രാന്‍സിസ് ദെഹ്ഖാനി, 2017 മുതല്‍ 2021 വരെ ലോബറോ ബിഷപ്പായി സേവനം അനുഷ്ഠിച്ചു. ഇതിന് ശേഷം നാല് വര്‍ഷം മുന്‍പാണ് നിലവിലെ പദവിയിലെത്തിയത്. വിവിധ ബ്രിട്ടീഷ് ഗവണ്‍മെന്റുകളുടെ ഇമിഗ്രേഷന്‍ നയങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന ബിഷപ്പ്, ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് നേതൃസ്ഥാനത്തേക്ക് എത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന അഞ്ച് സ്ത്രീകളില്‍ ഒരാളാണ്.
കഴിഞ്ഞ ആഴ്ച കീര്‍ സ്റ്റാര്‍മറുടെ 'അപരിചിതരുടെ ദ്വീപ്' പ്രസ്താവനയെ റവ. ഫ്രാന്‍സിസ് ദെഹ്ഖാനി വിമര്‍ശിച്ചിരുന്നു. 'ചര്‍ച്ചിലും, ഞാന്‍ ഭാഗമായിട്ടുള്ള വിവിധ സമൂഹങ്ങളിലും, ഞങ്ങള്‍ അപരിചിതരുടെ ദ്വീപിലല്ല. കുടിയേറ്റക്കാര്‍ അപരിചിതരല്ല. മറിച്ച് സമ്പൂര്‍ണ്ണമായി സഹകരിക്കുകയും, സംഭാവന ചെയ്യുകയും ചെയ്യുന്ന സുഹൃത്തുക്കളാണ്', അവര്‍ ചൂണ്ടിക്കാണിച്ചു. ഓട്ടം സീസണോടെ പുതിയ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പിന്റെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.