കുടിയേറ്റ വിഷയത്തില്‍ ഇരട്ടത്താപ്പ് പുലര്‍ത്തുന്ന പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന് എതിരെ രോഷം പുകയുന്നു. റിഫോം യുകെയുടെ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ നിയമപരമായി കുടിയേറുന്നവര്‍ക്ക് എതിരെ നിയമങ്ങള്‍ കര്‍ശനമാക്കുന്നതായി ന്യായീകരിച്ച പ്രധാനമന്ത്രി ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് മുന്നില്‍ വാതായനങ്ങള്‍ തുറന്നിടുന്നതാണ് വൈരുദ്ധ്യമാകുന്നത്.
യൂറോപ്യന്‍ യൂണിയനുമായി അടുക്കാന്‍ ശ്രമിക്കുന്ന സ്റ്റാര്‍മര്‍ ബ്രക്‌സിറ്റ് അടിയറ വെയ്ക്കുമെന്നാണ് ആശങ്ക. ഇയു യൂത്ത് വിസാ സ്‌കീം വഴിയാണ് 150 മില്ല്യണ്‍ പുതിയ കുടിയേറ്റക്കാര്‍ക്ക് ബ്രിട്ടനില്‍ പ്രവേശിക്കാന്‍ പ്രധാനമന്ത്രി അവസരം നല്‍കുന്നത്. 35 വയസ്സില്‍ താഴെയുള്ളവരുടെ സ്വതന്ത്ര യാത്രക്ക് ക്യാപ്പ് ഏര്‍പ്പെടുത്താത്ത പക്ഷം എണ്‍പത് മില്ല്യണ്‍ യൂറോപ്യന്‍മാര്‍ക്ക് ബ്രിട്ടീഷ് വിസ നല്‍കേണ്ടി വരും.
നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുന്നതിനിടെയാണ് 3500 പൗണ്ടിന്റെ മൊബിലിറ്റി വിസകള്‍ക്ക് ക്വാട്ട നിശ്ചയിക്കുമോയെന്ന് ഉറപ്പിച്ച് പറയാന്‍ പ്രധാനമന്ത്രി തയ്യാറാകാത്തത്. ചാനല്‍ കടത്ത് വഴി കുടിയേറ്റക്കാരെ കടത്തുന്ന മനുഷ്യക്കടത്ത് സംഘങ്ങളെ തകര്‍ക്കുമെന്ന ലേബര്‍ വാഗ്ദാനം അടുത്ത വര്‍ഷമായാലും നടപ്പാകാന്‍ പോകുന്നില്ലെന്നാണ് ഇപ്പോള്‍ കരുതുന്നത്.
ഇതിനിടെ 'അപരിചിതരുടെ ദ്വീപായി' ബ്രിട്ടന്‍ മാറുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ ഒരു ഡസനിലേറെ ബിഷപ്പുമാരും, മുതിര്‍ന്ന ക്രിസ്ത്യന്‍, മുസ്ലീം, ജൂത മതനേതാക്കള്‍ കത്തയച്ചു. കുടിയേറ്റക്കാരോട് കൂടുതല്‍ സഹാനുഭൂതി പ്രകടിപ്പിക്കാനാണ് ഇവര്‍ ആവശ്യപ്പെടുന്നത്.