ഹൂസ്റ്റണ്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പ്രവാസി സംഘടനകളായ ഒഐസിസിയും, ഐഒസി യും യു കെയില്‍ ഔദ്യോഗികമായി ലയിച്ചു. ഇന്ന് നടന്ന ഓണ്‍ലൈന്‍ 'സും' മീറ്റിംഗില്‍ ഐഒസി ഗ്ലോബല്‍ ചെയര്മാന് സാം പിത്രോദയാണ് ലയന പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയത്. ഐഒസി യുടെ ഗ്ലോബല്‍ ചുമതലയുമുള്ള എഐസിസി സെക്രട്ടറിയും, ക്യാബിനറ്റ് റാങ്കിലുള്ള കര്‍ണാടക എന്‍ ആര് ഐ ഫോറം വൈസ് ചെയര്‍പേഴ്സണനുമായ ഡോ. ആരതി കൃഷ്ണ അടക്കം പ്രമുഖ നേതാക്കള്‍ ഒഐസിസി - ഐഒസി ലയന പ്രഖ്യാപന വേദിയില്‍ പങ്കു ചേര്‍ന്നു.
ലയന പ്രഖ്യാപനത്തോടൊപ്പം സംഘടനയുടെ അദ്ധ്യക്ഷരായി ശ്രീമതി. ഷൈനു ക്ലെയര്‍ മാത്യൂസ്, ശ്രീ. സുജു കെ ഡാനിയേല്‍ എന്നിവരുടെ നിയമനവും, തഥവസരത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. കോണ്‍ഗ്രസ്സ് പ്രവാസി സംഘടനയായ യു കെയിലെ ഐഒസി കേരള ഘടക പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ ഷൈനുവും, സുജുവും സംയുക്തമായി നേതൃത്വം നല്‍കും. മറ്റു ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കുന്നതാണ്.
ഓ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റി മുന്‍ അധ്യക്ഷയും, യു കെയിലെ സാമൂഹിക - സാംസ്കാരിക - ജീവകാരുണ്യ മേഖലകളില്‍ നിറസാനിധ്യവും, സംരംഭകയുയമാണ് ഷൈനു ക്ലെയര്‍ മാത്യൂസ്. ഐ ഓ സി (യു കെ) കേരള ചാപ്റ്ററിന്റെ നിലവിലെ അധ്യക്ഷനും, മികച്ച സംഘാടകനുമാണ് സുജു കെ ഡാനിയേല്‍. പരിചയ സമ്പന്നരായ ഇരുവരുടെയും നേതൃത്വത്തില്‍ ഐ ഓ സി (യു കെ) കേരള ചാപ്റ്റര്‍ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായും, കരുത്തോടും കൂടി മുന്നേറുമെന്നാണ് യു കെ യിലെ പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍, ഒപ്പം ഗ്ലോബല്‍ നേതാക്കളുടെയും.
ഇരു സംഘടനകളുടെ ലയനത്തോടെ യു കെ യിലെ പ്രവാസ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശക്തമായ സാന്നിധ്യാമാകാന് ഐ ഓ സിക്ക് സാധിക്കും. പ്രവാസ ലോകത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഏകോപിത മുഖം നല്‍കുക എന്ന ലക്ഷ്യത്തോടെ, ഗള്‍ഫ് ഒഴികെയുള്ള രാജ്യങ്ങളില്‍, ഓ ഐ സി സി ഉള്‍പ്പെടെയുള്ള സംഘടനകളെ ഐഓസിയില് ലയിപ്പിച്ച്, കോണ്‍ഗ്രസ് പാര്‍ട്ടി അനുകൂല പ്രവാസി സംഘടനാ പ്രവര്‍ത്തനം, ഒരു കുടക്കീഴില് കൊണ്ടുവരുന്നതിനും, കൂടുതല്‍ കാര്യക്ഷമവും ഊര്‍ജ്ജസ്വലമാക്കുന്നതിനും ഈ നീക്കം കൊണ്ട് സാധിക്കും. ഇതു സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശം എ ഐ സി സിയുടെ സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി ശ്രീ. കെ സി വേണുഗോപാല്‍ നേരത്തെ നല്‍കിയിരുന്നു.
ഓ ഐ സി സിക്ക് ശക്തമായ വേരോട്ടവും പ്രവര്‍ത്തക സാന്നിധ്യവുമുള്ള യു കെയില്‍ ഇരു സംഘടനകളുടെയും ലയനം സുഗമമാക്കുന്നതിനായി ഐ ഓ സി (യു എസ്) ചെയര്മാന് ജോര്‍ജ് എബ്രഹാം, ഐ ഒ സി (സ്വിറ്റ്സര്‍ലാന്‍ഡ്) പ്രസിഡന്റ് ജോയ് കൊച്ചാട്ട്, ഇന്‍കാസ് മുന്‍ പ്രസിഡന്റ് മഹാദേവന് വാഴശ്ശേരില്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കന്മാരെ ഉള്‍പ്പെടുത്തി ഒരു മൂന്നംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി നേരത്തെ രൂപീകരിച്ചിരുന്നു. ഇരു സംഘടനകളുടെയും നേതാക്കന്മാര്, പ്രവര്‍ത്തകര്‍ എന്നിവരുമായും കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിരവധി തുടര്‍ ചര്‍ച്ചകള്‍ക്കും ആശയവിനിമയത്തിനും ശേഷം ഐ ഓ സി ചെയര്മാന് സാം പിത്രോദക്ക് സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ലയന പ്രഖ്യാപനവും പ്രസിഡണ്ടുമാരുടെ നിയമനവും.
'സൂം' മീറ്റിംഗില്‍ യു കെ യില്‍ നിന്നും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കുചേര്‍ന്നിരുന്നു.
ആമുഖ പ്രസംഗത്തില്‍ സാം പിത്രോദ രണ്ട് സംഘടനകള്‍ ലയിക്കുമ്പോള്‍ അനിവാര്യമായും ഒരേ സ്വരവും ലയവും താളവും ഒരുമയും ഉണ്ടാവണമെന്നും, തുറന്ന മനസ്സും ഐക്യവും ഉണ്ടാവണമെന്ന് പറഞ്ഞു. സംഘടനകള്‍ രണ്ടായി പ്രവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടിക്ക് അത് ഉപകാരപ്രദമാവുകയില്ലെന്നും തീര്‍ത്തും അനുയോജ്യമല്ലെന്നും എടുത്തു പറഞ്ഞു.
ഐഒസി ഗ്ലോബല്‍ സമിതി നവ നേതൃത്വത്തിന് വിജയാശംസകള്‍ നേര്‍ന്നു.
Appachan Kannanchira