CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 4 Seconds Ago
Breaking Now

സീന മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്; ഫൈനലില്‍ താണ്ഡവമാടി ബാബു വീട്ടില്‍; തുടര്‍ച്ചയായി നാലാം തവണയും എല്‍.ജി.ആര്‍, എസ്.എം 24 ഫോക്‌സ് ഇലവന്‍ റണ്ണറപ്പ്

സാലിസ്ബറി: സാലിസ്ബറി മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച അഞ്ചാമത് സീന മെമ്മോറിയല്‍ T10 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ആവേശകരമായ പരിസമാപ്തി.  റോംസി ഹണ്ട്‌സ് ഫാം പ്ലെയിംഗ് ഫീല്‍ഡില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ യുകെയിലെ കരുത്തരായ എട്ട് ടീമുകളാണ് രണ്ട് ഗ്രൂപ്പുകളില്‍ ആയി നടന്ന മത്സരങ്ങളില്‍ ഏറ്റുമുട്ടിയത്.

മെയ് 25 ഞായറാഴ്ച രാവിലെ ഒമ്പതര മണിയോടെ ആരംഭിച്ച ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം യുക്മ ദേശീയ സെക്രട്ടറി ജയകുമാര്‍ നായര്‍ നിര്‍വഹിച്ചു.  പ്രസിഡന്റ് എം.പി. പത്മരാജിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച യോഗത്തില്‍ സെക്രട്ടറി ജിനോയ്‌സ് തോമസ് സ്വാഗതം ആശംസിച്ചു. ട്രഷറര്‍ ഷാല്‍മോന്‍ പങ്കേത്ത്, സ്‌പോര്‍ട്‌സ് കോഡിനേറ്റര്‍മാരായ നിശാന്ത് സോമന്‍, റിയാ ജോസഫ്, രക്ഷാധികാരി ഷിബു ജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഫോക്കസ് ഫിന്‍ഷുവര്‍ ലിമിറ്റഡ്, കഫേ ദീവാലി, നാച്ചുറല്‍ ഫുഡ്‌സ് തുടങ്ങിയ പ്രമുഖരാണ് ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാര്‍.

ആദ്യമത്സരത്തില്‍ ഗ്രൂപ്പ്  A യില്‍ എസ്.എം 24 ഫോക്‌സ് ഇലവന്‍ ബ്രഹ്‌മര്‍ ദ്രവീഡിയന്‍സ് സാലിസ്‌ബെറിയെ പരാജയപ്പെടുത്തിയപ്പോള്‍ ഗ്രൂപ്പ് ബിയില്‍ രണ്ടാമത്തെ പിച്ചില്‍ നടന്ന മത്സരത്തില്‍ ഗള്ളി ഓക്‌സ്‌ഫോര്‍ഡ് സ്വിണ്ടന്‍ സിസി യെ പരാജയപ്പെടുത്തി. ഫൈനലില്‍ കേരള രഞ്ജി താരം രാഹുല്‍ പൊന്നന്റെ മികവില്‍ 110 എന്ന കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങിയ എസ്.എം 24 ഫോക്‌സ് ഇലവന്‍ ഒരു ഘട്ടത്തില്‍ വിജയം ഉറപ്പിച്ചിരുന്നതാണ്. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ആറ് ഓവറിനു ശേഷം ഇടിമിന്നലായി മാറിയ ബാബു വീട്ടിലിന്റെ മികവില്‍ അത്യന്തം ആവേശകരമായി അവസാന ഓവറില്‍ എല്‍.ജി.ആര്‍ വിജയം തട്ടിയെടുക്കുകയായിരുന്നു. 

വൈകുന്നേരം നടന്ന സമാപന ചടങ്ങില്‍ സെമിഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട എസ്.എം 24 ഫോക്‌സ് ഇലവന്റെ ആദിത്യ ചന്ദ്രന് സാലിസ്ബറി മലയാളി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം സാബു ജോസഫും രണ്ടാം സെമിഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച് ആയ എല്‍. ജി.ആര്‍ ന്റെ പ്രെയിസന്‍ ഏലിയാസിന്  എസ്.എം.എ വൈസ് പ്രസിഡന്റ് ലിനി നിനോയും ട്രോഫികള്‍ സമ്മാനിച്ചു. 

മാന്‍ ഓഫ് ദി ഫൈനല്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ബാബു വീട്ടിലിന് എസ്.എം.എ എക്‌സിക്യൂട്ടീവ് അംഗം അരുണ്‍ കൃഷ്ണന്‍, ബെസ്റ്റ് ബാറ്റ്‌സ്മാന്‍ (പ്രെയിസന്‍ ഏലിയാസ് - 108 runs) ബെസ്റ്റ് ബൗളര്‍ ( ബാബു വീട്ടില്‍ - 6 വിക്കറ്റ്) എന്നിവര്‍ക്ക് എസ്എംഎ ജോയിന്റ് സെക്രട്ടറി ആന്‍മേരി സന്ദീപ്, പി.ആര്‍.ഓ ഡിനു ഡൊമിനിക് എന്നിവര്‍ ട്രോഫികള്‍ കൈമാറി. മികച്ച അമ്പയര്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ റോഷ്ണി വൈശാഖ്, ബിബിന്‍ എന്നിവരും കൈമാറി.

ടൂര്‍ണമെന്റിന്റെ ജേതാക്കളായ എല്‍.ജി ആറിന് മുഖ്യ സ്‌പോണ്‍സര്‍മാരായ ഫോക്കസ് ഫിന്‍ഷുവര്‍ ന് വേണ്ടി ജിനോയിസ് തോമസ് ട്രോഫിയും സമ്മാനത്തുകയായ ആയിരം പൗണ്ടും സമ്മാനിച്ചു. എല്‍.ജി.ആര്‍ നായകന്‍ കിജി സീന മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി രക്ഷാധികാരി ഷിബു ജോണിന്റെ കയ്യില്‍ നിന്നും ഏറ്റുവാങ്ങി. ടൂര്‍ണമെന്റ്  റണ്ണേഴ്‌സ് അപ്പായ  എസ്.എം 24 ഫോക്‌സ് ഇലവന്‍ ന് പ്രശസ്ത ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവെന്‍സര്‍ അന്‍വിന്‍ ജോസ് ട്രോഫി  സമ്മാനിച്ചപ്പോള്‍ കോ സ്‌പോണ്‍സര്‍മാരായ കഫെ ദീവാലി (റഷീദ്) നാച്ചുറല്‍ ഫുഡ്‌സ് (സ്റ്റെഫിന്‍) എന്നിവര്‍ സമ്മാനത്തുകയായ 500 പൗണ്ടും താരങ്ങള്‍ക്കുള്ള മെഡലുകളും കൈമാറി.

ടൂര്‍ണമെന്റിന്റെ നെടുംതൂണായി ഏവരെയും ഏകോപിപ്പിച്ച നിഷാന്ത് സോമന്‍, മിതമായ നിരക്കില്‍ ഭക്ഷണം നല്‍കിയ ടെര്‍മറിക് കിച്ചന്‍, കളിക്കാര്‍, കാണികള്‍ തുടങ്ങിയവര്‍ക്ക് എസ്എംഎ എക്‌സിക്യൂട്ടീവ് ബിജു ഏലിയാസ് നന്ദി അര്‍പ്പിച്ചു. 

എസ്എംഎ യ്ക്ക് വേണ്ടി BTM ഫോട്ടോഗ്രാഫി (ബിജു മൂന്നാനപ്പിള്ളില്‍), മീഡിയ ടീം അംഗങ്ങളായ പ്രശാന്ത്, അഖില്‍ ജോസഫ് തുടങ്ങിയവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണുവാന്‍  സാലിസ്ബറി മലയാളി അസോസിയേഷന്റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ലിങ്ക് ചുവടെ,

 

https://www.facebook.com/share/1Ap81QKL6K/

 

 

 




കൂടുതല്‍വാര്‍ത്തകള്‍.