വീടിനടുത്തുള്ള കുട്ടികളുമായി കളിച്ചതിന് എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഉള്‍പ്പടെ ക്രൂരമായി മര്‍ദിച്ച കേസില്‍ പാസ്റ്റര്‍ കിങ്‌സ്ലി ഗില്‍ബര്‍ട്ട് അറസ്റ്റില്‍. ആറും മൂന്നും വയസുള്ള രണ്ട് ആണ്‍കുട്ടികളാണ് മര്‍ദനത്തിനിരയായ മറ്റ് കുഞ്ഞുങ്ങള്‍. സംഭവം നടക്കുന്ന അന്ന് കുട്ടികളെ വീട്ടിലാക്കി കിങ്സ്ലി പുറത്ത് പോയിരുന്നു.
തിരിച്ച് വന്നപ്പോള്‍ കുട്ടികള്‍ അയല്‍വീട്ടിലെ കുട്ടികളുമായി കാണുകയായിരുന്നു. ഇത് കണ്ട പാസ്റ്റര്‍ പ്രകോപിതനാവുകയും കുട്ടികളെ മര്‍ദിക്കുകയുമായിരുന്നു. വ്യായാമത്തിന് ഉപയോഗിക്കുന്ന സ്‌കിപ്പിങ് റോപ് ഉപയോഗിച്ചാണ് കുട്ടികളെ ഉപദ്രവിച്ചത്. രാത്രിയില്‍ കുട്ടികളുടെ നിര്‍ത്താതെയുള്ള കരച്ചില്‍ വീട്ടില്‍ നിന്ന് കേട്ടതോടെ നാട്ടുകാര്‍ ഇവരുടെ വീട്ടിലേക്ക് എത്തിയിരുന്നു. പക്ഷേ വാതില്‍ തുറക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് എത്തിയപ്പോള്‍ കുഞ്ഞുങ്ങള്‍ പരിക്കേറ്റ് അവശനിലയിലായിരുന്നു. ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം സംഭവം നടക്കുമ്പോള്‍ അമ്മ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കുട്ടികളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയ ശേഷം സമീപത്തെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ് ഇപ്പോള്‍.