പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ക്ലാസിലുള്ളവര്‍ക്ക് മധുരം വിതരണം ചെയ്തതിന് പിന്നാലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. തേജസ്വിനി എന്ന 19കാരിയാണ് മരിച്ചത്. പഠന സമ്മര്‍ദത്തെ കുറിച്ചുള്ള കുറിപ്പ് കണ്ടെത്തി.
കര്‍ണാടകയിലെ കുടക് ജില്ലയിലാണ് സംഭവം. പൊന്നമ്പേട്ടിലെ ഹള്ളിഗട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ് കോഴ്സില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു തേജസ്വിനി. 19-ാം ജന്മദിനം ബുധനാഴ്ചയാണ് ആഘോഷിച്ചത്. അന്ന് ക്ലാസ്സില്‍ ഇല്ലാതിരുന്ന സഹപാഠികള്‍ക്കും മധുരം നല്‍കിയ ശേഷം തേജസ്വിനി വൈകുന്നേരം 4 മണിയോടെ ഹോസ്റ്റല്‍ മുറിയിലേക്ക് മടങ്ങി.
4.30 ഓടെ എത്തിയ സുഹൃത്തുക്കള്‍, വാതില്‍ അകത്തു നിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധിച്ചു. പലതവണ വാതിലില്‍ മുട്ടിയിട്ടും ഫോണ്‍ വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല. തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡനോട് വിവരം പറഞ്ഞു. വാതില്‍ ബലം പ്രയോഗിച്ച് തുറന്നപ്പോള്‍ തേജസ്വിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുറിയില്‍ നിന്ന് തേജസ്വിനി എഴുതിയ കുറിപ്പ് കണ്ടെത്തി. പരീക്ഷയില്‍ ആറ് പേപ്പറുകളില്‍ പരാജയപ്പെട്ടതിന്റെ സങ്കടം തേജസ്വിനിയുടെ കുറിപ്പിലുണ്ട്.
റായ്ച്ചൂര്‍ സ്വദേശിയായ മഹന്തപ്പയുടെ ഏക മകളാണ് തേജസ്വിനി. പൊന്നമ്പേട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കോളജ് ഹോസ്റ്റലിലെത്തി. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.