പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് നിയമ വിദ്യാര്‍ഥിനി അറസ്റ്റില്‍. പൂനെയില്‍ നിന്നുള്ള 22 കാരിയായ നിയമ വിദ്യാര്‍ത്ഥിനിയായ ഷര്‍മിഷ്ഠ പനോലിയെയാണ് ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നും കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തത്. ഒരു പ്രത്യേക മതസമൂഹത്തെ ലക്ഷ്യം വച്ച് അവഹേളനപരവും അനാദരവുള്ളതുമായ പരാമര്‍ശങ്ങള്‍ അടങ്ങിയ ഒരു വീഡിയോ ഷര്‍മിഷ്ഠ പനോലി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
ഷര്‍മിഷ്ടയുടെ വീഡിയോ പെട്ടെന്ന് വൈറലാകുകയും വ്യാപകമായ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു.തുടര്‍ന്ന് കൊല്‍ക്കത്തയിലെ ഒരു പോലീസ് സ്റ്റേഷനില്‍ ഔദ്യോഗിക പരാതി ഫയല്‍ ചെയ്യുകയും ശത്രുത വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ശര്‍മിഷ്ഠ പനോലിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു
ഷര്‍മിഷ്ഠ പനോലിക്ക് വക്കീല്‍ നോട്ടീസ് നല്‍കാന്‍ നിരവധി ശ്രമങ്ങള്‍ നടന്നെങ്കിലും അവരെയും കുടുംബത്തെയും കണ്ടെത്താനായില്ല. ഈ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ന്ന് പോലീസ് ഗുരുഗ്രാമില്‍ നിന്ന് ശര്‍മിഷ്ടയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിഷേധത്തെ തുടര്‍ന്ന്, ശര്‍മിഷ്ഠ പനോലി സോഷ്യല്‍ മീഡിയ വഴി നിരുപാധികം പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. പറഞ്ഞത് തന്റെ വ്യക്തിപരമായ വികാരങ്ങളാണെന്നും ആരെയും വേദനിപ്പിക്കാന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ശര്‍മിഷ്ട എക്‌സില്‍ കുറിച്ചു